ന്യൂ യോർക്ക് : ഇന്ത്യാ കത്തലിക് അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ നാല്പത്തിമൂന്നാമത് ഈസ്റ്റർ ആഘോഷം റോക്ക് ലാൻഡ് കൗണ്ടിയിലെ ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസിലെ
നിറഞ്ഞു കവിഞ്ഞ സദസിനുമുന്നിൽ വർണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു.
ജോയിന്റ് സെക്രട്ടറി ശ്രീ ഫിലിപ്പ് മത്തായിആമുഖ പ്രഭാഷണം നടത്തി എം സി യെ സദസ്സിനു പരിചയപ്പെടുത്തി. സമൂഹിക സാംസ്‌കാരിക സഘടനാ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീമതി ലൈസി അലക്സ് ആദ്യന്തം എം സി ആയി പ്രവർത്തിച്ചു.
ടിന്റു ഫ്രാൻസിസിന്റെ ശ്രുതി മധുരമായ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. അപർണ്ണ ഷിബു അമേരിക്കൻ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.

സെക്രട്ടറി ശ്രീ റോയ് ആന്റണി കത്തലിക് അസോസിയേഷന്റെ വർത്തമാന കാല പ്രസക്തി വിശദീകരിച്ചു വിശിഷ്ടാതിഥികളെയും സദസ്യരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡന്റ് ശ്രീ ആന്റോ വർക്കി കണ്ണാടൻ കത്തലിക് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. റോക്ക് ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ പള്ളി വികാരി റവ.ഫാ. ഡോ. റാഫേൽ അമ്പാടൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ഇന്ത്യാ കത്തലിക് അസോസിയേഷൻ എന്ത് ലക്ഷ്യത്തോടെയാണോ ആരംഭിച്ചത്, ആ ഉത്തരവാദിത്തം നിറവേറ്റിയ സംഘടനയാണെന്ന് അച്ചൻ പ്രശംസിച്ചു. എല്ലാ അസ്സോസിയേഷനുകൾക്കും അതിന്റെതായ തനിമയും മിഷനുമുണ്ട്. ഏതൊക്കെ പുതിയ സംഘടനകൾ കടന്നു വന്നാലും സേവനത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് തനിമയും മിഷനും സംരക്ഷിച്ചു മുന്നേറുവാനും റാഫേൽ അച്ചൻ ഉദ്‌ബോധിപ്പിച്ചു. കൂടെ നടക്കുന്ന, കൂടെആയിരിക്കുന്നവനാണ് ക്രിസ്തു . സഹോദരങ്ങളുടെ കൂടെ നടക്കുക, അവരുടെ ആവശ്യങ്ങളിൽ കൈപിടിച്ച് നടത്തുക, ആവശ്യമുള്ളവർക്ക് താങ്ങും തണലുമായി മുന്നോട്ടുപോകുക- തന്റെ ഈസ്റ്റർ സന്ദേശത്തിൽ അച്ചൻ തുടർന്നുപറഞ്ഞു. കത്തലിക് അസോസിയേഷൻ ഇന്നും പ്രസക്തമാണെന്നും കാലോചിതമായ മാറ്റം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന നേതൃത്വത്തിന് എല്ലാവിധ ആശംസകളും റാഫേൽ അച്ചൻ നേർന്നു.

കോവിഡ് മഹാമാരിയിൽ മണ്മറഞ്ഞു പോയ എല്ലാവർക്കും കഴിഞ്ഞ ആഴ്ച നിര്യാതയായ അസോസിയേഷന്റെ ആദ്യകാല പ്രവർത്തക ശ്രീമതി സാറ ഏബ്രഹാം തലപ്പള്ളിയുടെ വേർപാടിലും ഇന്ത്യാ കത്തലിക് അസ്സോസിയേഷനുള്ള അഗാധമായ ദുഃഖം അനുശോചന പ്രമേയത്തിലൂടെ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അലക്സ് തോമസ് അവതരിപ്പിച്ചു, സദസ്സ് ഒരു മിനിട്ടു മൗനമാചരിച്ചു .

കഴിഞ്ഞ കുറെ വർഷങ്ങളായി ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് അസോസിയേഷൻ പ്രാമുഖ്യം നൽകുന്നത് . കഴിഞ്ഞ വർഷം റവ. ഫാ. ഡേവിഡ് ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് ചാരിറ്റി പ്രവർത്തനത്തിന്റെ അമേരിക്കൻ പാർട്ണർ ആയിരുന്നു ഇന്ത്യാ കത്തലിക് അസോസിയേഷൻ. മനോ ദുർബല്യമുള്ള വനിതകളെ സംരക്ഷിക്കുന്ന പുനലൂരിന് അടുത്തുള്ള വിളക്കുടി ‘സ്നേഹതീരം’
ത്തിനാണ് ഈ വർഷം ഇന്ത്യാ കത്തോലിക്ക അസോസിഷൻ സഹായം എത്തിക്കുക. തെരുവിൽ അലയുന്ന വനിതകൾക്കായി 2002-ൽ സിസ്റ്റർ റോസിലിൻ സ്ഥാപിച്ചതാണീ അഗതി മന്ദിരം. ഭക്ഷണവും വസ്ത്രവും മരുന്നും നൽകി മനോ ദുർബല്യമുള്ള സ്ത്രീകൾക്ക് അന്തിയുറങ്ങാൻ ഒരിടം അതായിരുന്നു സിസ്റ്റർ റോസിലിന്റെ സ്വപ്നം. മരുന്നും സ്നേഹവും നൽകി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരിക എന്നത് ലക്ഷ്യവും.

ചാരിറ്റി പ്രവർത്തനത്തിന്റെ സുതാര്യതയാണ് മറ്റ് സംഘടനകളിൽ നിന്നും കത്തലിക് അസോസിയേഷനെ വ്യതിരിക്തമാക്കുന്നത്. പ്രകടനത്തിലല്ല പ്രവൃത്തിയിലാണ് കാര്യം എന്നു വിശ്വസിക്കുന്ന പ്രസിഡന്റ് ആന്റോ വർക്കിയുടെ നേതൃത്വത്തിൽ സംഘടനാംഗങ്ങളിൽ നിന്നും സമാഹരിച്ച രണ്ടു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽവച്ചു വൈസ് പ്രസിഡന്റ് ശ്രീ ജോസ് മലയിൽ മുഖ്യാതിഥി റവ.ഫാ. റാഫേൽ അമ്പാടന് കൈമാറി. ‘സ്നേഹതീരത്തിനു’ നൽകാനായി
ചാരിറ്റി ചെയർമാൻ ശ്രീ അലക്സ് തോമസ്‌, പ്രസിഡന്റ് ശ്രീ ആന്റോ വർക്കി എന്നിവർക്ക് ചെക്ക് തിരികെ നൽകി. ആലംബ ഹീനരെ സഹായിക്കുക എന്നത് ദൈവിക പുണ്യമാണെന്നും അതിൽ പങ്കാളിയാവുക ദൈവ കൃപ നൽകുമെന്നും അച്ചൻ പറഞ്ഞു. ഈ പുനരധിവാസ പ്രവർത്തനത്തിൽ പങ്കാളി ആവുന്നതിൽ സംഘടന ഏറെ അഭിമാനിക്കുന്നു എന്ന് ശ്രീ ജോസ് മലയിൽ പ്രസ്താവിച്ചു. മെയ് 17 നു ‘സ്നേഹതീര’ത്തിനു പ്രസിഡന്റ് ആന്റോ വർക്കിയും വൈസ് പ്രസിഡന്റ് ജോസ് മലയിലും ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ ശ്രീ ജോർജ്കുട്ടിയും ചേർന്നു ചെക്ക് കൈമാറും.

ഗായകനും കംപോസ്സറും പെർഫോമറുമായാ റവ. ഫാ. ജോണി ചെങ്ങളാന്റെ മ്യൂസിക്കൽ ഫ്യൂഷൻ ഏവരുടേയും ഹൃദയം കവർന്നു.
റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ശ്രീമതി ആനി പോൾ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. മുൻ പ്രസിഡന്റും മാഗസിൻ ചീഫ് എഡിറ്ററുമായ ശ്രീ ലിജോ ജോൺ, മാഗസിനിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തിന് വിനയോഗിക്കുമെന്നു പ്രസ്താവിക്കുകയും ഏവർക്കും ഈസ്റ്റർ മംഗളങ്ങൾ നേരുകയും ചെയ്തു. മുൻ പ്രഡിഡന്റും ചാരിറ്റിയുടെ മെഗാ സ്പോൺസറുമായ ശ്രീ കെ ജെ ഗ്രിഗറി ചടങ്ങിൽ സന്നിഹിതൻ ആയിരുന്നു .

റോസന്ന ജോസഫ് , മാത്യു ജോസഫ്, ഏഡൻ ജോർജ്, ജോസഫ് ജോർജ്‌, സാറ ജോർജ് എന്നിവർ ചേർന്നു അവതരിപ്പിച്ച നൃത്തം അതിമനോഹരമായിരുന്നു .

നേഹ റോയ് , അബിഗെൽ റെജി , നിയ ജോർജ് , ലിയ ജോർജ് , ടിയ ഏബ്രഹാം , സാനിയ ചാക്കോ , ഇവാനിയ മാത്യു , റിയ കണ്ടംകുളത്തി യും അവതരിപ്പിച്ച മാർഗം കളി പ്രോഗ്രാമിന്റെ ഹൈ ലൈറ്റ് അയിരുന്നു.
ജാസ്മിൻ പോളും ദിവ്യ മാത്യുവും അവതരിപ്പിച്ച അടിപൊളി ഡാൻസും അബിഗെൽ റെജി , ടിയ ഏബ്രഹാം , നേഹ റോയ് എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഡാൻസും ഉത്സവാന്തരീക്ഷം സൃഷിടിച്ചു . ശ്രീ മതി മിനി റോയ് ഡാൻസ് കോർഡിനേറ്റർ ആയിരുന്നു .

സിത്താർ പാലസ് ഒരുക്കിയ രുചികരമായ ഡിന്നറും ഫെനു മോഹന്റെ സൗണ്ട് സിസ്റ്റവും ഫെയ്ത്ത് സ്റ്റുഡിയോ ജേക്കബിന്റെ ഫോട്ടോസും മികവുറ്റതായിരുന്നു .

അനുഗ്രഹീത ഗായകരായ ജെംസൺ കുര്യാക്കോസ് , ടിന്റു ഫ്രാൻസിസ് , ശാലിനി രാജേന്ദ്രൻ , അപർണ്ണ ഷിബു എന്നിവരുടെ ഗൃഹാതുരത്വം നിറഞ്ഞ പഴയ പാട്ടുകളും കലാഭവൻ മണിയുടെ നാടൻ പാട്ടുകളും അടിപൊളി ഗാനങ്ങളും കോർത്തിണക്കിയ ഗാനസന്ധ്യ ആലാപന മികവുകൊണ്ടും അവതരണ ചാരുതകൊണ്ടും അതീവ ഹൃദ്യമായി .

പ്രോഗ്രാം കോർഡിനേറ്ററും ബി ഓ ടി മെമ്പറുമായ ശ്രീ അലക്സ് തോമസ് ,
കമ്മിറ്റി മെമ്പർമാരായ ശ്രീ ഇട്ടൂപ്പ് ദേവസ്യ , ശ്രീ ജോസഫ് മാത്യു , ശ്രീ തോമസ് പ്രകാശ് ശ്രീമതി സിസിലി പഴയമ്പള്ളിൽ ,ബി ഓ ടി ചെയർമാൻ ശ്രീ ജോഫ്രിൻ ജോസ് , മെമ്പർമാരായ ശ്രീ ഷാജിമോൻ വെട്ടം , ശ്രീ ജോൺ കെ ജോർജ് , ശ്രീ ജോൺ പോൾ , ശ്രീ പോൾ ജോസ്, ശ്രീ ജോർജ് കൊട്ടരം, ശ്രീ ജോർജ്കുട്ടി ,ഓഡിറ്റർ ശ്രീ മാത്യു ജോസഫ്, സോണൽ ഡയറക്ടർ മാരായ ശ്രീ ജെയിംസ് ഇളംപുരയിടം , ശ്രീ ടോം കെ ജോസ് , ശ്രീ ജോർജ് തോമസ് , ശ്രീ വര്ഗീസ് സക്കറിയ , ശ്രീ ജോസഫ് തോമസ് , ശ്രീ ജിം ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . ട്രഷറർ മേരി ഫിലിപ്പ് , ഇത്രയും പ്രൗഢ ഗംഭീരമായ ചടങ്ങിന് നേതൃത്വം നല്കിയവർക്കും പങ്കെടുത്ത്‌ വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അർപ്പിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here