കൊച്ചി: തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ  മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആം ആദ്മി എത്തി .ആം ആദ്മിയോട് സഹകരിച്ച് പോകാൻ ഒരുങ്ങുന്ന  ട്വൻറി ട്വൻറിയും സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന തീരുമാനത്തിലെത്ത. ഇതോടെ  ഫലത്തിൽ തൃക്കാക്കരയിൽ ത്രികോണ പോരാട്ടം മാത്രം. ഉപതെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടെണ്ടെന്ന നിലപാടാണ് ആം ആദ്മിക്കുള്ളത്. ദേശീയ നേതൃത്വത്തിൻറേതാണ് ഈ തീരുമാനം. സംസ്ഥാനത്തെ ആം ആദ്മി പ്രവർത്തകർക്ക്  ഇത്  ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വേറെ  മാർഗ്ഗമില്ലെന്നാണ് ആം ആദ്മി ദേശീയ നേതാക്കൾ പറഞ്ഞത്. ഇതോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യത തള്ളി ട്വന്റി ട്വന്റി യും രംഗത്തെത്തി. ആം ആദ്മിയുമായി ചേർന്ന് തൃക്കാക്കരയിൽ വലിയ പ്രതിരോധം തീർക്കുമെന്നായിരുന്നു ട്വന്റി 20 യുടെ നിലപാട്. യെന്നാ

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ കരുക്കൾ നീക്കുകയാണ് ആം ആദ്മിയുടെ ദേശീയ നേതൃത്വം. സംഘടനയെ ശക്തിപ്പെടുത്തിയും കൂടുതൽ പ്രവർത്തകരേയും പ്രമുഖ വ്യക്തിത്വങ്ങളേയും  എത്തിച്ചും അടിത്തറ ബലപ്പെടുത്തുകയാണ് പ്രധാനം. അതിനിടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് ദോഷം ചെയ്യുമെന്നാണ് ആം ആദ്മി ദേശീയ നേതൃത്വം  കേരളത്തിലെ നേതാക്കളോട് പറഞ്ഞിരിക്കുന്നത്. ആപ്പിനൊപ്പം കൈ കോർക്കാൻ  ഒരുങ്ങുന്ന ട്വൻറി ട്വൻറിക്കും മത്സരിക്കാൻ ഇപ്പോൾ താത്പര്യമില്ല.

കെജ്രിവാളിൻറെ കിഴക്കമ്പലം സമ്മേളനത്തിലാണ് ട്വൻറി ട്വൻറിയുടെ ശ്രദ്ധ.  ട്വൻറി ട്വൻറിയുടെ പ്രവർത്തനങ്ങൾ കാണാൻ കെജ്രിവാൾ നേരിട്ട് എത്തുന്നതിൻറെ ആവേശത്തിലാണ് ട്വൻറി ട്വൻറി നേതൃത്വം . കിഴക്കമ്പലം സമ്മേളനത്തോടെ കേരളത്തിൽ നാലാം  മുന്നണിയുടെ പിറവി കുറിക്കുമെന്നാണ് സൂചന. മുന്നണിയുടെ നേതൃത്വത്തിലേക്ക് സാബു ജേക്കബ് കടന്നുവരാനാണ് കൂടുതൽ സാധ്യത. ഇത്തരം നിർണ്ണായക തയ്യാറെടുപ്പുകൾക്കിടെ ഉപ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദോഷമുണ്ടാക്കെണ്ടെന്നാണ് അവരുടേയും നിലപാട്.

സ്ഥാനാർത്ഥിയില്ലെങ്കിൽ  ആംആദ്മിയുടേയും ട്വൻറി ട്വൻറിയുടേയും വോട്ടുകൾ ആർക്കെന്നതാണ് അടുത്ത ചോദ്യം. തൃക്കാക്കരയിൽ പ്രവർത്തകരേക്കാൾ അനുഭാവികളുള്ള പാർട്ടിയാണ് രണ്ടും.  2014 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര കൂടി ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ  ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിച്ച അനിത പ്രതാപ് നേടിയത് അര ലക്ഷത്തിലേറെ വോട്ടുകൾ. പിന്നീട് ആം ആദ്മിക്ക് ആ പ്രതാപത്തിലേക്ക്  എത്താനായില്ല എന്നത് വേറൊരു കാര്യം.  

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ  ട്വൻറി ട്വന്റി സ്ഥാനാർത്ഥി ഡോക്ടർ ടെറി തോമസിന് തൃക്കാക്കരയിൽ  കിട്ടിയത് 13773 വോട്ട്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാർട്ടികൾക്കുമായി മണ്ഡലത്തിലുളളത് നിർണ്ണായക വോട്ടുകൾ തന്നെ. വിവിധ വിഷയങ്ങളിൽ സർക്കാരിനോട് ഇടഞ്ഞു നിൽക്കുകയാണെങ്കിലും ട്വൻറി ട്വൻറി  ഏതെങ്കിലും സ്ഥാനാർത്ഥിയെ പരസ്യമായി  പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തിൽ ട്വൻറി ട്വൻറി നിലപാടിനൊപ്പമായിരിക്കും.

മനസാക്ഷി വോട്ടെന്ന ആഹ്വാനത്തിലേക്ക് രണ്ടു പാർട്ടികളും എത്തും.  സംസ്ഥാന സർക്കാരിൻറെ ഒരു വർഷത്തെ പ്രവർത്തനത്തെ ആളുകൾ വിലയിരുത്തട്ടെയെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ കിറ്റക്‌സ് തെലുങ്കാനയിലേക്ക് നിക്ഷേപം മാറ്റിയതടക്കമുള്ള വിവാദ വിഷയങ്ങൾ വോട്ടർമാർ മറക്കരുതെന്നു കൂടി ട്വൻറി ട്വൻറി നേതൃത്വം പറഞ്ഞേക്കും. തൃക്കാക്കരയിൽ പുതിയ ആടിയൊഴുക്കിന് ആം ആദ്മി ട്വൻറി ട്വൻറി തീരുമാനം വഴിയൊരുക്കുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here