കൊച്ചി :  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ വി തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.

‘താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്’. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അംഗമായി തുടരുകയും ഇടത് മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായി ധാർമ്മികമാണോ എന്ന ചോദ്യത്തിന് കോൺഗ്രസ് എന്ന ഒരു പാർട്ടി മാത്രമല്ല, ഒരു നിലപാട് കൂടിയാണെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെ വി തോമസ് നൽകുന്ന വിശദീകരണം. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഇടതുമുന്നണിയുമായി സഹകരിച്ച ചരിത്രമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.  2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.
 
കണ്ണൂരിൽ സിപിഎം പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു. കെ റെയിൽ മാത്രമല്ല, കേരളത്തിന്റെ എല്ലാത്തരം വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അന്ധമായ രാഷ്ട്രീയം വികസനത്തിന് എതിരാണ്. മുഖ്യമന്ത്രിയുമായി വളരെ നല്ല ബന്ധം പുലർത്തുന്ന പ്രതിപക്ഷ നേതാവിന് വികസനകാര്യത്തിൽ നേരിട്ട് ചർച്ച നടത്താമെന്നിരിക്കെ എന്തിനാണ് പ്രവർത്തകരെ തെരുവിൽ ഇളക്കിവിടുന്നതെന്നും കെ വി തോമസ് ചോദിച്ചു.

സി പി എമ്മുമായി നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമാണോ ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങുന്നതെന്ന ചോദ്യത്തിന് അങ്ങിനെ ഒരു ധാരണയുമില്ലെന്നായിരുന്നു ഉത്തരം. പാർട്ടി എന്നെ എന്തിനാണ് മാറ്റി നിർത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നെക്കാളും കൂടുതൽ തവണ മത്സരിച്ചവരും പ്രായമായവരും പാർട്ടിയിൽ പദവികൾ വഹിക്കുന്നുണ്ട്.

എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. ആത്മാർത്ഥമായാണ് ഞാൻ പ്രചരണത്തിനിറങ്ങുന്നതെന്നും തൃക്കാക്കരയിലെ ജയവും തോൽവിയും എന്റെ നിലപാടിനെ ബാധിക്കില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. പെയ്ഡ് ടീമാണ് സമൂഹമാധ്യമത്തിൽ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയിൽ ആണ് കോൺഗ്രസ് പോകുന്നത് എങ്കിൽ ദേശീയ തലത്തിൽ  വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.



 
 

LEAVE A REPLY

Please enter your comment!
Please enter your name here