തിരുവനന്തപുരം: സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിക്കുന്ന നിലയുണ്ടായെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. ഈ വിവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പുലർത്തി പോരുന്ന മൗനം കാരണമാണ് ഇതേക്കുറിച്ച്  തനിക്ക് പ്രതികരിക്കേണ്ടി വരുന്നത്. സമസ്ത വേദിയിൽ അപമാനിക്കപ്പെട്ട പെൺകുട്ടിയെ താൻ അഭിനന്ദിക്കുന്നു. അങ്ങനെയൊരു കടുത്ത സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളർന്നു വീണേനെ. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയിൽ സ്വമേധായാ കേസെടുക്കണം. പെൺകുട്ടിയുടെ അന്തസിനെ തകർത്തതിന് കേസെടുക്കണം. ഹിജാബ് വിവാദത്തിലൂടെ മുസ്ലീം സമുദായത്തിലെ പെൺകുട്ടികളെ പിന്നോടടിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വിഭാഗം നടത്തുന്നത്.

ഈ വിഷയത്തിൽ മൊത്തം രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും പുലർത്തുന്ന മൗനത്തിൽ താൻ അസ്വസ്ഥനാണ്. പെൺമക്കളുടെ അഭിമാനം ഉയർത്തിപിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇതേക്കാര്യം നേരത്തെ വിസ്മയ കേസിലും താൻ പറഞ്ഞതാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിക്കുകയും മാനിസകമായി തളർത്താനും തകർക്കാനും ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണം.

പഠനത്തിൽ മികവ് പുലർത്തിയതിന് പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ പെൺകുട്ടിയെ ആണ് ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവർ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെൺകുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുർ ആൻ അല്ല. ആ ഭരണഘടനയ്ക്ക് വിധേയമായും അതിന്റെ മൂല്യങ്ങൾ ഉയർത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here