രാജേഷ് തില്ലങ്കേരി

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ ഒടുവിൽ കോൺഗ്രസിൽനിന്നും  പുറത്താക്കി. രണ്ടുമാസമായി കെ വി തോമസും കോൺഗ്രസ് നേതൃത്വവും തമ്മിലുണ്ടായ തർക്കത്തിനും വിവാദങ്ങൾക്കും ഇതോടെ സമാപനമായി. ഇനി കോൺഗ്രസ് നേതൃത്വവുമായുള്ള കെ വി തോമസിന്റെ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ കാലമായിരിക്കും വരാനിരിക്കുന്നത്. ഉന്നത കോൺഗ്രസ് നേതാവായിരുന്നു പി സി ചാക്കോ കോൺഗ്രസ് വിട്ട് എൻ സി പി യിൽ ചേർന്നതിന് ശേഷം കോൺഗ്രസ് വിടുന്ന രണ്ടാമത്തെ ദേശീയ മുഖമാണ് കെ വി തോമസ്. കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട് രക്തസാക്ഷി പരിവേഷത്തോടെ സി പി എമ്മിലേക്ക് ചേക്കേറാനുള്ള ശ്രമമാണ് വിജയിച്ചത്.

കോൺഗ്രസുകാരനായി തുടരുമെന്നായിരുന്നു കെ വി തോമസിന്റെ ഇന്നലെ വരെയുള്ള പ്രഖ്യാപനം. ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി ജയിക്കണമെന്നും പിണറായി വിജയൻ വികസന നായകനെന്നും പറഞ്ഞ അതേ തോമസ് മാഷ്തന്നെയാണ് കോൺഗ്രസുകാരനായാണ് ഇപ്പോഴും തുടരുന്നതെന്നും പറഞ്ഞിരുന്നത്. എത്ര വിചിത്രമായ  പ്രഖ്യാപനം. എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

 പാർട്ടി കോൺഗ്രസ് വേദിയിലേക്ക് കെ വി തോമസിനെ സി പി എം ക്ഷണിച്ചതിനു പിന്നിൽ വലിയൊരു രാഷ്ട്രീയ അജണ്ടയുണ്ടെന്ന് കേരളത്തിലെ മുഴുവൻ കോൺഗ്രസുകാർക്കും ഏറെ വ്യകതവുമായിരുന്നു. എന്നാൽ കെ വി തോമസ് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ പാർട്ടിയോടുള്ള കടുത്ത വഞ്ചനയാണെന്നാണ് എറണാകുളത്തെ പാർട്ടി പ്രവവർത്തകർ വിലയിരുത്തുന്നത്. കാരണം ഏറെ കാലം കെ വി തോമസിനെ വിജയിപ്പിക്കാൻ വിയർപ്പൊഴുക്കിയ പ്രവർത്തകരെ അവഹേളിച്ചാണ് തോമസ് മാഷ് കോൺഗ്രസിനോട് വിടപറഞ്ഞത്.
 
അധികാരത്തിന്റെ സുഖസൗകര്യങ്ങൾ തേടി സി പി എമ്മിനൊപ്പം ചേരുമ്പോൾ ഒരു അനുയായിയെ പോലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതും ഒരു ഉന്നത നേതാവിൽ നിന്നും മാഷിന്റെ വീഴ്ച വ്യക്തമാക്കുന്നുണ്ട്.  തേവരകോളജിലെ രസതന്ത്രം അധ്യാപകനായിരുന്ന കെ വി തോമസിനെ രാജ്യം അറിയുന്ന നേതാവാക്കി വളർത്തിയെടുത്തത് എറണാകുളത്തെ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരാണ് എന്ന സത്യം അദ്ദേഹം മറന്നു. പാർട്ടിയിൽ നിന്നും ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളും അനുഭവിച്ച നേതാവാണ് അധികാരമില്ലാതായതിന്റെ പേരിൽ മാത്രം ഇറങ്ങിപ്പോവുന്നത്.

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി താലൂക്കിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിൽ കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മെയ് പത്തിനാണ് കെ വി തോമസ്  ജനിച്ചത്.  തേവര എസ്.എച്ച് കോളേജിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കെ.വി. തോമസ് 33 വർഷം തേവര കോളേജിൽ അധ്യാപകനായിരുന്നു. കെമിസ്ട്രി വിഭാഗത്തിൽ 20 വർഷം പ്രൊഫസർ ആയിരുന്ന തോമസ് വകുപ്പ് വിഭാഗം മേധാവിയായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്.

1970-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിന്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.  1977 മുതൽ 2022 വരെ കെ.പി.സി.സി അംഗമായി. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും 1984 മുതൽ 2022 വരെ എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു.
 
1984-ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി . പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്‌സഭയിലെത്തി.  1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു. 1996-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി.
 
2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു. 2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ വീണ്ടും പാർലമെന്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗമായി.,് 2014-ൽ നടന്ന പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്‌സഭാംഗമായി.  2019-ലെ പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് തോമസിന് പകരം എം എൽ എയായിരുന്ന  ഹൈബി ഈഡനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചതും ജയിച്ചതും.
 
ഇതിനെ തുടർന്ന് കേരളത്തിലെ പാർട്ടി നേതൃത്വവുമായും ഹൈക്കമാന്റുമായും ഏറെനാൾ അകൽച്ചയിലായിരുന്നു കെ വി തോമസ്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി നിയമിതനായി.  കെ.പി.സി.സിയുടെ വിലക്ക് മറികടന്ന് മാർക്‌സിസ്റ്റ് പാർട്ടിയുടെ സെമിനാറിൽ പങ്കെടുത്തതിന് 2022 ഏപ്രിൽ 30ന് കെ.പി.സി.സിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് 2022 മെയ് 12ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.

2003-ൽ കേരളത്തിൽ ടൂറിസം മന്ത്രിയായിരിക്കെ പസഫിക് എഷ്യ ട്രാവൽ റിട്ടേൺ അസോസിയേഷൻ  എന്ന സംഘടനയുടെ മികച്ച ടൂറിസം മന്ത്രിക്കുള്ള അവാർഡ് ലഭിച്ചു. 2005-ൽ സമാധാനത്തിന്റെ അംബാസഡർ ആയി അന്താരാഷ്ട്ര സംഘടനയായ യൂണിവേഴ്‌സൽ പീസ് ഫെഡറേഷൻ ഇൻറർ റിലീജിയസ് ആൻഡ് ഇൻറർനാഷണൽ തിരഞ്ഞെടുത്തു.

കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു  ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. ഗോവയിൽ നിന്നാണ് ഒരു പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയിൽ എത്തിയത്. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.

ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്‌ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികൾ. മൂന്നാം പ്രതി ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെയും നാലാം പ്രതി കോൺഗ്രസ് മന്ത്രിയായിരുന്ന കെ.വി. തോമസുമാണ്. നാലാം പ്രതിയായ കെ.വി. തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ട് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.

കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. 1996-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ഈ വിവാദം ഒരു ഘടകമായി. ഭക്ഷ്യസുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്ര മന്ത്രിയെന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധേയനായിരുന്നു കെ വി തോമസ്. വികസന മാണ് തന്റെ ലക്ഷ്യമെന്നും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് മാത്രമേ കേരളത്തെ വികസന പാതയിൽ നയിക്കാനാവൂ എന്നാണ് കെ വി തോമസിന്റെ പുതിയ കണ്ടെത്തൽ.
 
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ വിശ്വസ്ഥനായി രാഷ്ട്രീയത്തിൽ എത്തിയ കെ വി തോമസ് തന്റെ 76 ാം വയസിലാണ് കോൺഗ്രസിൽ നിന്നും വിടപറയുന്നത്. 75 പിന്നിട്ടവരെ സി പി എം നേതൃനിരയിൽ നിന്നും ഒഴിവാക്കിക്കൊണ്ടിരിക്കെയാണ് തോമസ് മാഷ് സി പി എമ്മിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. തോമസ് മാഷിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയ ശോഭനാ ജോർജ് നേരത്തെ തന്നെ കോൺഗ്രസ് വിട്ട് സി പി എമ്മിൽ അഭയം പ്രാപിച്ചിരുന്നു. എന്താണ് കെ വി തോമസിന് പിണറായി സർക്കാർ നൽകാനിരിക്കുന്ന പാരിതോഷികമെന്നറിയാനാണ് ഇനി കേരളം കാതോർത്തിരിക്കുന്നത്.  
 
അധികാരവും സമ്പന്നതയുമൊക്കെയുണ്ടായിരുന്ന കാലത്ത് കോൺഗ്രസിന്റെ എല്ലാ സുഖസൗകര്യങ്ങളും നേടിയെടുക്കുകയും അധികാരം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായി കോൺഗ്രസിനെ തിരികെ എത്തിക്കാൻ പ്രയത്‌നിക്കേണ്ട ഉന്നത നേതാവ് ആ ദൗത്യം ഏറ്റെടുക്കാതെ ഒരു ഉപതെരഞ്ഞെടുപ്പിൽ പ്രതിസന്ധിയുണ്ടാക്കിയത് കോൺഗ്രസ് പ്രവർത്തകരിൽ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരണ പരിഷ്‌ക്കാര സമിതി ചെയർമാൻ പദവിയോ ഒക്കെ തോമസ് മാഷിന് ലഭിച്ചെന്നും വരാം. മകൾക്ക് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നേടാനും ഒരു പക്ഷേ, സി പി എം പ്രവേശനം മൂലം കഴിഞ്ഞേക്കാം. എറണാകുളത്ത് ഒരു ലാറ്റിൻ ക്രൈസ്തവനായ നേതാവില്ലാത്തതിന്റെ ബുദ്ധിമുട്ട് എല്ലാ കാലത്തും സി പി എമ്മിനുണ്ടായിരുന്നു അത് ഇതോടെ പരിഹരിക്കപ്പെടുകയാണ്.  
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here