കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ കോഴിക്കോട് ചേവായൂരില്‍ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കു മരുന്നു കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്കു വിധേയമാക്കും.
സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് ഉവൈമ പറഞ്ഞു. ഇതിനിടെ സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
കാസര്‍കോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മൃതദേഹം രാസപരിശോധന നടത്തുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here