മലപ്പുറം: സംസ്ഥാനത്ത് നാളികേര വില അനുദിനം കൂപ്പുകുത്തുന്നു. വിവിധ ജില്ലകളില്‍ പൊളിച്ച നാളികേരത്തിന് കിലോക്ക് 24 മുതല്‍ 25 രൂപ വരെയാണിപ്പോള്‍ ലഭിക്കുന്നത്.

നേരത്തെ 43 രൂപ വരെ ഉയര്‍ന്ന വിലയാണിപ്പോള്‍ നേര്‍ പകുതിയോളമായി കുറഞ്ഞത്. കഴിഞ്ഞ മാസം ആദ്യം കിലേക്ക് 33 രൂപവരെ ലഭിച്ചിരുന്നു. പച്ചത്തേങ്ങക്ക് 32 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില. ഈ വിലക്ക് പച്ചത്തേങ്ങയെടുക്കാന്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആകെ അഞ്ച് സംഭരണ കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ആരംഭിച്ചത്. കൃഷിഭവനില്‍ നിന്നുള്ള രസീതി ഉള്‍പ്പെടെ സമര്‍പ്പിച്ചാല്‍ മാത്രമേ ഇവിടെ നാളികേരം എടുക്കൂ. തേങ്ങയെത്തിക്കാന്‍ വാഹന വാടക തന്നെ വന്‍തുക വേണ്ടിവരുന്നതിനാല്‍ അതത് ജില്ലകളിലുള്ളവര്‍ പോലും നാളികേരം ഈ സംഭരണ കേന്ദ്രങ്ങളിലെത്തിക്കാതെ തോട്ടങ്ങളുടെ അടുത്തുള്ള പൊതുവിപണികളില്‍ കിട്ടുന്ന വിലക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ച് കേന്ദ്രങ്ങള്‍ വഴി മാത്രമാണ് പച്ചത്തേങ്ങ സംഭരണം നടക്കുന്നതെന്നും സഹകരണ സംഘങ്ങള്‍ വഴിയുള്ള സംഭരണശ്രമം ഫലം കണ്ടില്ലെന്നും കേരഫെഡ് മാനേജിങ് ഡയറക്ടര്‍ ആര്‍. അശോക് ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 105.90 രൂപക്ക് കൊപ്ര സംഭരിക്കുന്നതും അനിശ്ചിതത്വത്തിലായിട്ടുണ്ട്. കൊപ്ര സംഭരിക്കുന്നവര്‍ വെളിച്ചെണ്ണ, നാളികേര വ്യാപാരത്തില്‍ ഇടപെടരുതെന്ന നാഫെഡിന്‍റെ നിര്‍ദേശമാണ് കേരഫെഡിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം കാലാവസ്ഥ അനുകൂലമായി കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഇത്തവണ എല്ലാ ജില്ലകളിലും നാളികേര ഉല്‍പാദനം വലിയ തോതില്‍ കൂടിയിട്ടുണ്ട്.

കിലോക്ക് 35 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ മിച്ചമായി എന്തെങ്കിലും ലഭിക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു തെങ്ങില്‍ കയറാന്‍ തന്നെ 40 രൂപ കൂലി വേണം. പൊതിക്കുന്നതിന് തേങ്ങയൊന്നിന് ഒരു രൂപയും നല്‍കണം. പെറുക്കി കൂട്ടാനുള്ള കൂലിച്ചെലവ്, വാഹന വാടക തുടങ്ങിയവയെല്ലാം ഇതിനുപുറമെയാണ്. വില കുറയുന്നതിനാല്‍ കച്ചവടക്കാര്‍ നാളികേരമെടുക്കാത്ത സ്ഥിതിയുമുണ്ട്. തമിഴ്നാട്ടിലെ കങ്കയത്തേക്ക് വെളിച്ചെണ്ണയാക്കുന്നതിനും കര്‍ണാടകയിലേക്ക് പൊടിയാക്കാനുമാണ് നാളികേരം കൂടുതലായി കയറ്റിപ്പോകുന്നത്. തമിഴ്നാട്ടില്‍ ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിന് തിരിച്ചടിയാണെന്ന് മാണൂരിലെ മലഞ്ചരക്ക് വ്യാപാരി പി.കെ.ജെ ട്രേഡേഴ്സിലെ പി.കെ. ജലീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here