കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം തടവു ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അതുകൊണ്ടു തന്നെ ഏറ്റവും വലിയ ശിക്ഷയായ 10 വര്‍ഷം തടവാണ് കിരണ്‍ കുമാറിന് അനുഭവിക്കേണ്ടി വരിക. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പറഞ്ഞത്.

ശിക്ഷാവിധി ഇങ്ങനെ

ഐപിസി 304 ബി (സ്ത്രീധന മരണം) – 10 വര്‍ഷം കഠിന തടവ്

ഐപിസി 306 (ആത്മഹത്യാ പ്രേരണ) – 6 വര്‍ഷം തടവ്, 2 ലക്ഷം രൂപ പിഴ

ഐപിസി 498 എ (ഗാര്‍ഹിക പീഡനം) – 2 വര്‍ഷം തടവ്, 50,000 രൂപ പിഴ

സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് മൂന്ന് – 6 വര്‍ഷം തടവ്, 10 ലക്ഷം രൂപ പിഴ

സ്ത്രീധ നിരോധന നിയമത്തിലെ വകുപ്പ് നാല് – ഒരു വര്‍ഷം തടവ്, 5000 രൂപ പിഴ.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചതിനാല്‍ ഏറ്റവും വലിയ ശിക്ഷയായ 10 വര്‍ഷം തടവാണ് കിരണ്‍ കുമാറിന് അനുഭവിക്കേണ്ടി വരിക.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണ്. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ട്. പ്രതി വിദ്യാസമ്ബന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃതമായാണ് ഭാര്യയോട് പെരുമാറിയത്. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നല്‍കുന്നത്? രാജ്യം ഉറ്റുനോക്കുന്ന വിധിയില്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ ലോകത്തെവിടെയും ആത്മഹത്യാ പ്രേരണയില്‍ ജീവപര്യന്തം നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസില്‍ പോലും സുപ്രിംകോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചില്ല. 10 വര്‍ഷം തടവുശിക്ഷയാണ് നല്‍കിയത്. കിരണിന് സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു. അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇരു ഭാഗത്തിന്‍റെയും ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.

കേസിന്‍റെ നാള്‍വഴി

2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐയായിരുന്ന കിരണ്‍ കുമാറുമായുള്ള വിവാഹം. ദാമ്ബത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതല്‍ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരണ്‍ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരന്‍ വിജിത്തിന്‍റെ വിവാഹത്തില്‍ കിരണ്‍ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതല്‍ അകന്നു. എന്നാല്‍ 2021 ജൂണ്‍ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരണ്‍ കോളജിലെത്തി അനുനയിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

2021 ജൂണ്‍ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

2021 ജൂണ്‍ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച്‌ വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി

2021 ജൂണ്‍ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

2021 ആഗസ്റ്റ് 6ന് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

2021 സെപ്റ്റംബര്‍ 10ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി

2022 മാര്‍ച്ച്‌ 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here