തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചനടക്കം 33 പേരെ വിട്ടയക്കണമെന്ന സർക്കാർ ആവശ്യത്തിൽ വിശദീകരണം തേടി ഗവർണർ. ജയിൽ ഉപദേശ സമിതിയെ മറികടന്ന് ഉദ്യോഗസ്ഥ സമിതി എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ വിട്ടയക്കാൻ ശുപാർശ ചെയ്തതെന്നാണ് ഗവർണറുടെ പ്രധാന ചോദ്യം. പേരറിവാളൻ കേസിലെ സുപ്രീം കോടതി പരാമർശം ചൂണ്ടികാട്ടി ഗവർണർക്ക് സർക്കാർ ഉടൻ മറുപടി നൽകുമെന്നാണ് അറിയുന്നത്.

ഈ മാസം ആദ്യമാണ് മണിച്ചനടക്കം 33 പേരെ വിട്ടയക്കമെന്നാവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് ഫയൽ അയച്ചത്. പല കാരണങ്ങളാൽ ജയിൽ ഉപദേശ സമിതിയുടെ പരിഗണന കിട്ടാത്ത തടവുകാരെയാണ് ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ ഉദ്യോഗസ്ഥ സമിതി വിട്ടയക്കാൻ ശുപാർശ ചെയ്തത്. ഈ സമതി 64 പേരുകളാണ് സർക്കാരിന് നൽകിയത്. ഇതിലാണ് മണിച്ചനും കുപ്പണ മദ്യദുരന്ത കേസിലെ പ്രതിയുമൊക്കെ ഉൾപ്പെട്ടത്. കോളിളക്കം സൃഷ്ടിച്ച മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ ഉൾപ്പെട്ടതിനാൽ ഗവർണർ എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമായിരുന്നു.

മൂന്ന് കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഒന്ന്, ജയിൽ ഉപദേശ സമിതികളെ മറികടന്ന് ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചതെന്തിന്, രണ്ട്, 64 തടവുകാരിൽ നിന്നും 33 പേരിലേക്ക് ചുരിക്കിയതെങ്ങനെ, എന്തായിരുന്നു മാനദണ്ഡം. ഓരോ കേസും പ്രത്യേകമായി പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചിട്ടുണ്ടോ. അടുത്ത മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. മണിച്ചന്റെ മോചനകാര്യത്തിൽ നാലാഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി പരാമർശം ചൂണ്ടികാണിച്ചാകും പരാമർശം. സർക്കാർ തീരുമാനം ഗവർണർമാർ  അംഗീകരിക്കേണ്ടതാണെന്ന പേരറിവാളൻ കേസിലെ പരാമർശവും സർക്കാർ ഗവർണറെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here