തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ജയിലിൽ നിന്ന് പുറത്തിറങ്ങി. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു. പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ച ശേഷം അദ്ദേഹം ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു.

താൻ ജയിലിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോർജ് ആരോപിച്ചു. തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞു. നല്ല മറുപടി കയ്യിലുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. സർക്കാരും പി.സി.ജോർജും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, സമാന്യ ബോധവും വെളിവും ഉളളവർക്കേ മറുപടിയുള്ളൂ എന്നായിരുന്നു ജോർജിന്റെ മറുപടി.

‘കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്’. കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. ഇതിനിടെ ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും പരാതിയുയർന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here