സംവിധായൻ ഭരതൻ 1983 ൽ ഒരുക്കിയ ‘കാറ്റത്തെ കിളിക്കൂട്’ എന്ന സിനിമയിലൂടെയായിരുന്നു രേവതി സിനിമാലോകത്ത് എത്തുന്നത്. നാല് പതിറ്റാണ്ടുകളായി താരത്തിൻറെ അഭിനയ ജീവിതം. എന്നാൽ ഇതുവരെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രേവതിക്ക് ലഭിച്ചിരുന്നില്ല. ഭൂതകാലത്തിലൂടെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്‌കാരം ഇക്കുറി രേവതി നേടിയിരിക്കുകയാണ്.

‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, കിലുക്കം സിനിമകളിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് സാധ്യത കൽപിച്ചിരുന്നു. എന്നാൽ  1988-ൽ ‘രുഗ്മിണി’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജുവിനും 1991-ൽ ‘തലയണമന്ത്ര’ത്തിലെ അഭിനയത്തിലൂടെ ഉർവ്വശിയ്ക്കും പുരസ്‌കാരം ലഭിച്ചതോടെ രണ്ടുതവണയും അവസാന ഘട്ടത്തിൽ പുരസ്‌കാരം നഷ്ടമായി.

മായാമയൂരം, പാഥേയം, ദേവാസുരം, നന്ദനം, രാവണപ്രഭു, അമ്മക്കിളിക്കൂട് തുടങ്ങി നിരവധി സിനിമകളിൽ രേവതി അഭിനയിച്ചിട്ടുണ്ടെങ്കിലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അകലെയായിരുന്നു. എന്നാൽ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ‘കിഴക്കു വാസൽ’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കും ‘തലൈമുറൈ’യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിനും രേവതി അർഹത നേടിയിട്ടുണ്ട്.

ദേശീയതലത്തിൽ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത ‘തേവർമകനി’ലെ അഭിനയത്തിന്. അഭിനയത്തിന് പുറമേ സംവിധാനരംഗത്തും മികവ് തെളിയിച്ച രേവതി ‘മിത്ര് മൈ ഫ്രണ്ട്’ എന്ന സിനിമയിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ- ത്രില്ലറിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരു അമ്മയുടെ വേഷത്തിലാണ് രേവതി അഭിനയിച്ചിരിക്കുന്നത്. വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാലസ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺമനസ്സിൻറെ വിഹ്വലതകളെ അതിസൂക്ഷമമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് പുരസ്‌കാരമെന്നാണ് രേവതിയുടെ പ്രകടനത്തെ ജൂറി വർണ്ണിച്ചത്.

‘ഒരുപാട് സന്തോഷം തോന്നുന്നുവെന്നും നാൽപ്പത് വർഷങ്ങളായി മലയാള സിനിമയിൽ എത്തിയിട്ട്, ഇപ്പോൾ അംഗീകാരം തേടിയെത്തിയിരിക്കുന്നു. നല്ലൊരു ടീം വർക്കായിരുന്നു ‘ഭൂതകാലം’. ജൂറി അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും രേവതി അവാർഡ് നേടത്തെ കുറിച്ച് അറിഞ്ഞ ശേഷം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here