രാജേഷ് തില്ലങ്കേരി

കൊച്ചി : കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പോരാട്ടമാണ് തൃക്കാക്കരയിൽ നടക്കുന്നത്. സർക്കാറിന് പ്രത്യേകിച്ച് എന്തെങ്കിലും ഭീഷണി നേരിടുന്നൊരു ഉപതെരഞ്ഞെടുപ്പൊന്നുമല്ല  തൃക്കാക്കരയിൽ അരങ്ങേറുന്നത്. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ പ്രഖ്യാപിത നേതാക്കളുമല്ല. എന്നാൽ രണ്ടു മുന്നണികൾക്കും ഇത് അഭിമാന പോരാട്ടമാണ്.

മണ്ഡലം രൂപീകൃതമായതിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ, അപ്പോഴെല്ലാം കോൺഗ്രസിന് വ്യക്തമായ ആധിപത്യം ലഭിച്ച മണ്ഡലമായിരുന്നു തൃക്കാക്കര. എന്നാൽ യു ഡി എഫ് എം എൽ എയായിരുന്ന പി ടി തോമസിന്റെ ആകസ്മിക വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിനുള്ള വേദിയാക്കി തൃക്കാക്കരയെ മാറ്റി.
പി ടിയുടെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാർത്ഥി. എൽ ഡി എഫ് വളരെ നാടകീയമായാണ് ഡോ ജോ ജോസഫ് എന്ന സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ദിവസം ആരംഭിച്ച വിവാദങ്ങൾക്ക് ഇന്നേവരെ ഒരു കുറവും ഉണ്ടായിരുന്നില്ല. ജോ ജോസഫിന്റെ അസ്ലീല വീഡിയോ പ്രദർശിപ്പച്ച വിവാദത്തിൽ എത്തി നിൽക്കുകയാണ് തൃക്കാക്കരയിപ്പോൾ.
ആദ്യം സ്ഥാനാർത്ഥിയായി സി പി എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ എം അരുൺകുമാറിന്റെ പേര് പ്രഖ്യാപനം, തുടർന്ന് ആ സ്ഥാനാർത്ഥിയല്ലെന്ന പ്രഖ്യാപനം തൊട്ട് എൽ ഡി എഫ് വിവാദങ്ങൾക്ക് തിരികൊളുത്തി.
പിന്നീട് കുന്നത്തുനാട് എം എൽ എ ശ്രീനിജൻ ഉയർത്തിയ വിവാദങ്ങൾ വേറെ. മന്ത്രി പി രാജീവിന് സ്വന്തം എം എൽ എയെ തള്ളിപ്പറയേണ്ട അവസ്ഥവരെ എത്തി. ട്വന്റി 20 ടചീഫ് കോ-ഓഡിനേറ്റർ സാബു എം ജേക്കബ്ബിനെതിരെയുള്ള എം എൽ എയുടെ വിവാദ പരാമർശങ്ങൾ സി പി എമ്മിന് തന്നെ തലവേദനയായിമാറുകയായിരുന്നു. ട്വന്റി 20 സഖ്യം തൃക്കാക്കരയിലേക്കില്ലെന്ന്
വ്യക്തമായതോടെ മൂന്നു മുന്നണികളും ആശ്വാസത്തിലായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വികസനം ചർച്ചചെയ്യുമെന്നായിരുന്നു എൽ ഡി എഫ് പറഞ്ഞിരുന്നത്. കെ റെയിലാണ് താരമെന്നും എൽ ഡി എഫ് പറഞ്ഞു. എന്നാൽ കെ റെയിൽ പിന്നീട് ചിത്രത്തിൽ നിന്നും മാറി. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറഞ്ഞുനിന്നത്.
പ്രൊഫ കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതും തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പ്രചരണ കത്തിനിൽക്കവെയാണ്. വികസനമാണ് തന്റെ എക്കാലത്തെയും പ്രഖ്യാപിത ലക്ഷ്യമെന്നും, എന്നും കോൺഗ്രസുകാരനായിരിക്കുമെന്നുമൊക്കെ പ്രഖ്യാപിച്ച് എൽ ഡി എഫ് വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട കെ വി തോമസിനെ അന്നു തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. തിരിച്ചടി ഭയന്ന് ആദ്യഘട്ടത്തിൽ കെ വി തോമസിന് ലഭിച്ച ഇളവുകൾ വേണ്ടെന്നുതന്നെ കോൺഗ്രസ് തീരുമാനിച്ചു. ഇതോടെ കെ വി തോമസിന്റെ യുഗം അവസാനിച്ചു. താൻ മണ്ഡലത്തിൽ സജീവമായി ഉണ്ടാവുമെന്നും ഡോ ജോ ജോസഫിനെ വിജയിപ്പിച്ചതിന് ശേഷമേ വിശ്രമമുള്ളൂ എന്നു പ്രഖ്യാപിച്ച കെ വി തോമസിനെ പിന്നീട് മണ്ഡലത്തിൽ എവിടെയും കണ്ടില്ല.
വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടയിലാണ് കെ സുധാകരൻ ‘ ചങ്ങലപൊട്ടിയ പട്ടിയെ പോലെ ‘ എന്ന പ്രയോഗം മുഖ്യമന്ത്രിയെ കുറിച്ചുണ്ടായത്. പിന്നീട് എൽ ഡി എഫ് അത് ഏറ്റുപിടിച്ചു. കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസും ചാർജു ചെയ്തു. എന്നാൽ ആ വിവാദത്തിന് അൽപായുസ് മാത്രമായിരുന്നു.

സഭാസ്ഥാനാർത്ഥിയാണ് ഡോ ജോ ജോസഫ് എന്ന ആരോപണമാണ് ആദ്യഘട്ടങ്ങളിൽ ഉയർന്നതെങ്കിൽ പിന്നീട് വിവാദങ്ങളുടെ കൊടുങ്കാറ്റുതന്നെയായിരുന്നു. നടി അക്രമകേസ്, പി സി ജോർജിന്റെ മതവിദ്വേഷ പ്രസഗകേസ്, ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലി തുടങ്ങി നിരവധി പ്രശ്‌നങ്ങൾ തൃക്കാക്കരയിൽ ആഞ്ഞടിച്ചു. പി സി ജോർജിനെ അറസ്റ്റു ചെയ്തത് മുസ്ലിം പ്രീനത്തിനായാണ് എന്നും ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു ബാലനെ ഉപയോഗിച്ച് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേസെടുക്കാതിരുന്നത് പ്രീണനത്തിന്റെ ഭാഗമായാണെന്നുമായി തെരഞ്ഞെടുപ്പിലെ പ്രചരണായുധം. ഇതിനു തൊട്ടു പിന്നാലെയാണ് നടി അക്രമണകേസ് പാതിവഴിയിൽ ഉപേക്ഷിച്ചെന്ന വിവാദം കത്തിപ്പിടിക്കുന്നത്. അതിജീവിത ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത് . ഭരണപക്ഷത്തെ ചിലരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന നടിയുടെ ആരോപണം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തെരഞ്ഞെടുപ്പിൽ ആരോപണവുമായി രംഗത്തെത്തിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ അതിജീവിതയായ നടിക്ക് അവസരം ലഭിച്ചതും തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിഷയം കത്തിയതിനെ തുടർന്നാണ്.  
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എ കെ ബാലൻ ഒരു വെടികൂടി പൊട്ടിച്ചു. എയ്ഡഡ് സ്‌കൂളിലെ നിയമനം പി എസ് സി ക്ക് വിടാൻ സർക്കാർ തീരുമാനിച്ചെന്നായിരുന്നു അത്. ക്രിസ്ത്യൻ മാനേജ്‌മെന്റും, എസ് എൻ ഡി, എൻ എസ് എസ്, മുസ്ലിം സംഘടനകളെല്ലാം ബാലന്റെ പ്രഖ്യാപനം കേട്ട് ഞെട്ടി. എല്ലാ സാമുദായ സംഘടനകളും ഒരുമിച്ച് ഈ നീക്കത്തെ എതിർക്കുമെന്ന് വ്യക്തമായി അറിയാവുന്ന കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനം നടത്തി അപ്പോൾ തന്നെ എ കെ ബാലനെ തള്ളി.

തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവമാണ് ഇപ്പോൾ എയറിൽ നിൽക്കുന്ന വിവാദം. ചിലരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ മുൻ കോൺഗ്രസ് പ്രവർത്തകരുണ്ട്, എന്നാൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനു പിന്നിൽ കോൺഗ്രസല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. ഇതിനെല്ലാം തൃക്കാക്കരയിൽ മറുപടി പറയേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
കണ്ണൂർ സ്റ്റൈലിലാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചരണം. കണ്ണൂർ നേതാക്കളായ പിണറായി വിജയനും ഇ പി ജയരാജനും ഒരു ഭാഗത്തും  കെ സുധാകരനും വി ഡി സതീശനും തമ്മിലാണ് പോരാട്ടം. സ്ഥാനാർത്ഥികൾ രണ്ടുപേരും പ്രശസ്തരല്ലാത്തതിനാൽ തോൽവിയും വിജയവും പ്രമുഖരെയാണ് ബാധിക്കുകയെന്നതാണ് ഈ വാശിക്കു പ്രധാന കാരണം.

 വിവാദങ്ങളും പരസ്പരമുള്ള ആരോപണ പ്രത്യാരോപണ വിവാദങ്ങളും കേസുകളും ഒക്കെയായി കുഴഞ്ഞുമറിഞ്ഞിരിക്കയാണ് തൃക്കാക്കര. 31 നാണ് ഉപതെരഞ്ഞെടുപ്പ്, യു ഡി എഫിന് മണ്ഡലം സംരക്ഷിച്ചു നിർത്തിയേ പറ്റൂ. എൽ ഡി എഫിന് 100 തികച്ചേ പറ്റൂ. ഇനി എല്ലാം വോട്ടർമാരുടെ കൈകളിലാണ്. 
 

LEAVE A REPLY

Please enter your comment!
Please enter your name here