തിരുവനന്തപുരം :  പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നു ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന ചടങ്ങിൽ ആദ്യ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താൻ കഴിഞ്ഞത് സർക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവർത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016 ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങൾ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രവും സർവതല സ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നു പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയാണു സർക്കാർ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയിൽ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു. ഓഖി, പ്രളയം, നിപ, കാലവർഷക്കെടുതികൾ, കൊവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വർഷം. പ്രതിസന്ധികൾ ഒന്നിനുപുറകേ ഒന്നായി വന്നപ്പോൾ തലയിൽ കൈവച്ചു നിലവിളിച്ചിരിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്. ഈ വൻ പ്രതിസന്ധിയിലും കേരളം കാണിച്ച ഒരുമ. പ്രതിസന്ധികളെ അതിജീവിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ വലിയ താത്പര്യത്തോടെയാണു ലോകം നോക്കിക്കണ്ടത്.

2016 ൽ സർക്കാർ അധികാരമേൽക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക 18 മാസം കുടിശികയായിരുന്നു. ആ തുക കിട്ടി കണ്ണടയുമോയെന്ന ആശങ്കയിലായിരുന്നു പാവങ്ങൾ. കുടിശിക തീർത്തെന്നു മാത്രമല്ല, 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയായി. 25 ലക്ഷം പേർ കൂടുതലായി പെൻഷൻ വാങ്ങാൻ തുടങ്ങി. 32034 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം നടത്തി. പൊതുവിതരണ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 10,697 കോടി രൂപ ചെലവാക്കി. മാവേലി സ്റ്റോറുകളിലൂടെ നൽകുന്ന 13 ഇനം ഭക്ഷ്യസാധനങ്ങൾ 2016ലെ വിലയ്ക്കാണ് ഇപ്പോഴും നൽകുന്നത്. വിലക്കയറ്റം തടയാൻ ഏറ്റവും ഫലപ്രദമായി വിപണിയിൽ ഇടപെടുന്ന സംസ്ഥാനമാണു കേരളം. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെടുന്നതും ഇവിടെയാണ്. രണ്ടു വർഷത്തെ കണക്കുമാത്രമെടുത്താൽ 9,702 കോടി രൂപയാണു വിലക്കയറ്റം പിടിച്ചു നിർത്താൻ മാത്രം ചെലവാക്കിയത്. സംസ്ഥാനത്ത് 87,01,000 റേഷൻ കാർഡുകളാണു നേരത്തേ ഉണ്ടായിരുന്നത്. ഇത് 89,80,000 ആക്കി ഉയർത്തി. 876 ജനകീയ ഹോട്ടലുകൾ ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ നിധിയിൽനിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5432 കോടി രൂപ ചെലവാക്കി. 3729 കോടി പ്രളയ ദുരിതാശ്വാസവും 1703 കോടി പ്രളയേതര ദുരിതാശ്വാസത്തിനുമാണു ചെലവാക്കിയത്. 2021 ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം 6,58,998 പേർക്കു ദുരിതാശ്വാസ നിധിയിലൂടെ സംസ്ഥാനത്തു സഹായം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 2,51,684 വീടുകൾ കഴിഞ്ഞ സർക്കാർ നിർമിച്ചു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തി ഒരു വർഷം കൊണ്ടു നിർമിച്ച വീടുകൾകൂടി ചേരുമ്പോൾ ഇത് 2,95,006 ആകും. ഇത് മൂന്നു ലക്ഷത്തോടടുക്കുകയാണ്. വീട് നിർമിക്കുന്നതിനു നേരത്തേ നൽകിയിരുന്ന 2.5 ലക്ഷം രൂപ നാലു ലക്ഷമാക്കി ഉയർത്തി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,76,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഒരു വർഷംകൊണ്ട് 54,535 പട്ടയങ്ങൾകൂടി വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരു വർഷംകൊണ്ട് ഇത്രയും പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതു മാതൃകാപരമാണ്. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 2,23,000 ഹെക്ടർ നെൽകൃഷി ചെയ്തു. നെല്ല് ഉത്പാദനത്തിലും വലിയ വർധനവുണ്ടായി. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയോടടുത്തുനിൽക്കുകയാണ്. കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടൻ അറുതിവരുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here