രാജേഷ് തില്ലങ്കേരി

കൊച്ചി :  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ദിവസങ്ങളോളം ക്യാമ്പ് ചെയ്തിട്ടും തൃക്കാക്കരയിൽ ഉണ്ടായ തിരിച്ചടിയിൽ ഞെട്ടിയിരിക്കയാണ് സി പി എം കേന്ദ്രങ്ങൾ. തൃക്കാക്കര ഞങ്ങൾ പിടിക്കുമെന്നും 1സെഞ്ച്വറിയടിക്കുമെന്നും ഒക്കെ പരഞ്ഞ പിണറായി വിജയന് കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ വോട്ടർമാർ നൽകിയത്. ഈ തിരിച്ചടി രണ്ടാം പിണറായി സർക്കാരിനേറ്റ വലിയ ആഘാതമായി. ആരെതിർത്താലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രഖ്യാപനത്തിനേറ്റ തിരിച്ചടികൂടിയായി തൃക്കാക്കരയിലെ തോൽവിയെ വിലയിരുത്തേണ്ടതുണ്ട്.  

ഭരണത്തിന്റെ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ചത് സി പി എം നേതാക്കൾ തന്നെയായിരുന്നു. മുഖ്യമന്ത്രി ദിവസങ്ങളോളം കൊച്ചിയിൽ ക്യാമ്പുചെയ്ത് കാടടച്ചുള്ള പ്രചാരണങ്ങളാണ് നടന്നത്. മന്ത്രിമാർ വീടുകൾ കയറി വോട്ട് തേടി. 60 ഭരണ കക്ഷി എം എൽ എ മാർ ദിവസങ്ങളോളം തൃക്കാക്കരയിൽ പ്രചാരണത്തിന് നേതൃത്വം നൽകി. എന്നിട്ടും തൃക്കാക്കരയിലെ വോട്ടർമാർ എൽ ഡി എഫിനെ പൂർണമായും തള്ളിക്കളയുകയായിരുന്നു. ഡോ ജോ ജോസഫ് സ്ഥാനാർത്ഥിയായി എങ്ങിനെ വന്നുവെന്ന ചർച്ച സി പി എമ്മിന് തിരിച്ചടിയുണ്ടാക്കി.

വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണ പക്ഷം നിരവധി വിവാദങ്ങൾ തൃക്കാക്കരയിൽ ഇളക്കിവിട്ടു. വിവാദങ്ങളുടെ വേലിയേറ്റമാണ് പിന്നീട് തൃക്കാക്കരയിൽ കണ്ടത്. സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് ദിനം വരെ വിവാദങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചരണം കടന്നുപോയത്. അഡ്വ അരുൺ കുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതും പിന്നീട് അപ്രതീക്ഷിതമായി ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും വിവാദങ്ങൾക്ക് തുടക്കം കുറിച്ചു.
 
ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ലിസി ആശുപത്രിയിൽ വച്ചായിരുന്നു. ഇത് സഭയുടെ സ്ഥാനാർത്ഥിയാണ് ഡോ ജോ ജോസഫ് എന്ന വിവാദത്തിന് തുടക്കമായി. സഭയുടെ സ്ഥാനാർത്ഥിയാണ് ജോ എന്ന ആരോപണം സി പി എമ്മിന് ആദ്യത്തെ തിരിച്ചടിയായി.
ഇടത് മുന്നണി കൺവീനർ ഇ പി ജയരാജനായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യചുതല. തെരഞ്ഞെടുപ്പ് ക്രോഡീകരിക്കുന്നതിന് മന്ത്രി പി രാജീവും എം സ്വരാജും മണ്ഡലത്തിൽ പൂർണസമയം പ്രവർത്തിച്ചു. ബൂത്തുതലത്തിൽ യോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. എന്നിട്ടും സി പി എം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഉമാ തോമസ് മുന്നേറ്റം നടത്തിയത്.

പിണറായി വിജയന്റെ വികസന മുന്നേറ്റത്തിന് പിന്തുണയുമായി കോൺഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തിയ കെ വി തോമസിനും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. തൃക്കാക്കരയിൽ യു ഡി എഫിന് ചിട്ടയായ പ്രവർത്തനമായിരുന്നു നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം. കെ സുധാകരനും വി ഡി സതീശനും വളരെ ശ്രദ്ധയോടെയാണ് നീങ്ങിയിരുന്നത്. ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് 100 എന്ന മുദ്രാവാക്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് തൃക്കാക്കരയിൽ നടത്തിയത്. എന്നിട്ടും ഒരിടത്തുപോലും ജോ ജോസഫിന് മുന്നേറാൻ കഴിയാതെ പോയി.

ട്വന്റി 20 ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ഇത്തവണ ഉമാ തോമസിന് ലഭിച്ചതായാണ് വോട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ട്വന്റി 20 നേതൃത്വവുമായി കുന്നത്തുനാട് എം എൽ എ ശ്രീനിജനുണ്ടായിരുന്ന എതിർപ്പും സാബു എം ജേക്കബ്ബിനെ വ്യക്തിപരമായി നടന്നാക്രമിച്ചതും എല്ലാം ഈ തോൽവിക്ക് ആക്കം കൂട്ടിയെന്നു വേണം കരുതാൻ.

ഇ പി ജയരാജനും കെ പി സി സി അധ്യക്ഷൻ കെ സുധാരനും തൃക്കാക്കരയിൽ കണ്ണൂർ സ്റ്റൈലിലായിരുന്നു നീക്കങ്ങൾ നടത്തിയത്. എന്നാൽ കണ്ണൂർ സ്റ്റൈലിന് വൻതിരിച്ചടിയാണ് നഗര മണ്ഡലമായ തൃക്കാക്കര നൽകിയത്. ബി ജെ പി ഉന്നത നേതാവിനെ രംഗത്തിറക്കിയപ്പോഴും കാര്യമായ പ്രതികരണം ലഭിക്കാതെ പോയി. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായപ്പോൾ എൻ ഡി എ കേന്ദ്രങ്ങൾ മികച്ച മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു.

വർഗീയതയും ജാതീയതും ഒക്കെ വോട്ടാക്കാൻ ശ്രമിച്ചവർക്കുള്ള കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്നും സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ ഒരിക്കലും ഇത്രയും ക്ഷീണമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. 
 

LEAVE A REPLY

Please enter your comment!
Please enter your name here