ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസ് ഉജ്വല മുന്നേറ്റം നടത്തുമ്പോള്‍ അഭിനന്ദനവുമായി കെ.വി.തോമസ്. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നെന്നും കെ.വി.തോമസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഉമ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും കെ വി തോമസ് പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങുമെന്നും കെ വി തോമസ് പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായാണ് ഇന്ന് പ്രതികരിച്ചിരിക്കുന്നത്.

ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രന്‍ഡാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭിച്ചതെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വഭാവികം മാത്രമാണ്. ഇപ്പഴല്ല, തനിക്കെതിരായി കുറെകാലമായി കോണ്‍ഗ്രസുകാര്‍ പ്രതികരിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലുമുണ്ട് അല്ലാതേയും ഉണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര അവിടെ എല്‍ഡിഎഫിന് തിരിച്ചുവരുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ്. അതീവശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതെന്നും ജോ ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം കെവി തോമസ് പറഞ്ഞത്. എന്ത് അശ്ലീലവും വിളിച്ചു പറയുന്നവരായി കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം മാറിയെന്നും കെ വി തോമസ് വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here