കൊല്ലം: ചടയമംഗലം മുന്‍ എം.എല്‍.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിതറയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.

പ്രയാർ ഹൈസ്കൂളിൽ പഠിക്കവെ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊല്ലം ജില്ല പ്രസിഡന്റായിരുന്നു. നങ്ങ്യാർകുളങ്ങര കോളജ് യൂണിയൻ ചെയർമാനായി. 2001ലാണ് ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രം യു.ഡി.എഫിനൊപ്പം നിന്ന ‘ചടയമംഗലത്തിന്റെ വികസന നായകൻ’ എന്ന പേര് പ്രയാറിന് മാത്രം സ്വന്തമാണ്.

1982ൽ മിൽമ ഡയറക്ടർ ബോർഡ് അംഗമായി. തുടർന്ന് 84 മുതൽ 18 വർഷം മിൽമ ചെയർമാനായിരുന്നു. മുന്നാക്ക ക്ഷേമ കോര്‍പറേഷൻ ചെയര്‍മാനായും സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. കൊല്ലം ഓച്ചിറ പ്രയാർ ആണ് സ്വദേശമെങ്കിലും ചടയമംഗലത്തായിരുന്നു താമസം.

മുൻ അധ്യാപിക സുധയാണ് ഭാര്യ. മക്കൾ: ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി. കൃഷ്ണൻ.

രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവ് -വി.ഡി സതീശന്‍

മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിന്‍റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നാക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിന്‍റെ സംഭാവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിന്‍റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.

ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യു.ഡി.എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here