തിരുവനന്തപുരം: തിരുവനന്തപുരത്തെയും,കായംകുളത്തെയും ഓരോ സ്കൂളുകളിലും കായംകുളത്ത് അങ്കണവാടിയിലും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തില്‍, ഇന്ന് മുതല്‍ ജില്ലകളിലെ നൂണ്‍ മീല്‍ ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍മാരും സ്‌കൂളുകളിലെ പാചകപ്പുര, പാത്രങ്ങള്‍,വാട്ടര്‍ ടാങ്ക്, ടോയ് ലറ്റുകള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കും.

ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന നടക്കും.

. വെള്ളിയാഴ്ച കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ ആഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്തും.പൊതുവിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ സംയുക്ത പരിശോധന നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വ ബോധവത്കരണം നല്‍കും. പാചകത്തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശീലനം നല്‍കും.

തിരുവനന്തപുരത്തെ ഉച്ചക്കട എല്‍.എം.എസ് എല്‍.പി.എസ്, കായംകുളം ടൗണ്‍ ഗവ. യു.പി.എസ്, കാസര്‍കോട് പടന്നക്കാട് ഗവ. എല്‍.പി.എസ് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്ബിള്‍ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്ബിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. അരിയുടെ ഗുണമേന്മക്കുറവ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

  • ഉച്ചഭക്ഷണം തയാറാക്കുന്ന ഇടം വൃത്തിയുള്ളതായിരിക്കണം
  • അരിയോ മറ്റ് ഭക്ഷ്യോത്പന്നങ്ങളോ നിലവാരക്കുറവുള്ളതാണെങ്കില്‍ മടക്കി നല്‍കണം
  • ബാക്കി വരുന്ന ഭക്ഷണം സൂക്ഷിച്ചു വച്ച്‌ നല്‍കരുത്. സ്റ്റോര്‍ റൂം വേണം
  • പാചകത്തിനു മുന്‍പ് തൊഴിലാളികള്‍ കൈകള്‍ വൃത്തിയാക്കണം
  • പ്ളാസ്റ്റിക് പാത്രങ്ങളിലോ ഗ്ളാസിലോ ഭക്ഷണം നല്‍കരുത്.
  • അദ്ധ്യാപകര്‍ ഉച്ചഭക്ഷണം കഴിച്ചുനോക്കിയിട്ടു വേണം കുട്ടികള്‍ക്ക് നല്‍കാന്‍

 

LEAVE A REPLY

Please enter your comment!
Please enter your name here