കൊല്ലം :  സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ലോക സമുദ്രദിനമായ ഇന്ന്  കൊല്ലം വാടി കടപ്പുറത്ത് നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. ധന മന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.  മന്ത്രി ജെ. ചിഞ്ചുറാണി ലോഗോ പ്രകാശനം ചെയ്യും. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ ചലച്ചിത്ര താരം മഞ്ജു വാര്യർ ആശംസകൾ അറിയിക്കും.  
ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി 590 കിലോമീറ്റർ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സെപ്തംബർ 18 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 600 ആക്ഷൻ ഗ്രൂപ്പുകളെ നിയോഗിക്കും. ഇത്തരത്തിൽ ചുരുങ്ങിയത് 15,000 സന്നദ്ധ പ്രവർത്തകരെങ്കിലും പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളാകും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങൽവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും.  ആക്ഷൻ ഗ്രൂപ്പുകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംഭരിച്ച് ക്ലീൻ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മൂന്നാം ഘട്ടത്തിൽ ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് 20 ഹാർബറുകളിലേക്കും വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കും. 2018 മുതൽ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ അനുഭവ പാഠങ്ങൾ ഇതിന് പ്രചോദനമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here