കോട്ടയം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് തലവേദനയാകുന്നു. കോട്ടയത്ത് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവർത്തകർക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപ് ഹാളിൽ കയറണമെന്നായിരുന്നു നിർദേശം. പരിപാടിക്ക് എത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും പറഞ്ഞിരുന്നു. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നവരെ കറുത്തമാസ്‌ക് ധരിക്കുന്നതിൽ നിന്നും വിലക്കി. കറുത്ത മാസ്‌ക് മാറ്റാന്‍ ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയരുന്നുണ്ട്.

 

നഗരത്തിൽ മാമോദീസ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ കുടുംബത്തെ പൊലീസ് തടഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായി കുടുംബം അറിയിച്ചു. പലയിടത്തും പൊതുജനം പൊലീസുമായി വാക്കുതർക്കമുണ്ടായി.

 

11 മണിക്കാണ് കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള‌ള പ്രതിനിധി സമ്മേളനം ആരംഭിക്കാനിരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് യോഗം 10.30നാക്കി. ഇതിനായി രാവിലെ 8.30ന് തന്നെ നഗരത്തോട് ചേർന്ന് ക്രമീകരണങ്ങൾ തുടങ്ങി. ഇതോടെ നഗരത്തിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും പോകാൻ പുറപ്പെട്ട വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയാസമുണ്ടായി.

 

മദ്ധ്യമേഖലാ ഐ.ജി.അര്‍ഷിത അട്ടല്ലൂരിയാണ് കോട്ടയത്ത് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം, നമ്മുടെ രാജ്യം ഇന്ന് കടുത്ത പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ഐക്യമാണ് രാജ്യത്ത് പ്രധാനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

‘മതനിരപേക്ഷരത രാജ്യത്തിലെ ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് പരമപ്രധാനമാണ്. ഇവിടെ ഏതൊരു മതത്തിൽ വിശ്വസിക്കുന്നയാൾക്കും ഒരു മതത്തിലും വിശ്വസിക്കാതെ ഇരിക്കുന്നയാൾക്കും ഏതൊരു കാര്യവും അവകാശപരമായി ഉറപ്പ് വരുത്തുകയാണ്. ഒരു തരത്തിലുള്ള വിവേചനവുമില്ല. ഏതെങ്കിലും ഒരു കൂട്ടർക്കും പ്രത്യേകമായി പരിഗണനയുമില്ല.

 

ഏത് മതത്തിലും വിശ്വസിക്കാൻ നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നു. ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവർ പണ്ട് മുതലേ ഉണ്ട്. സ്വാതന്ത്ര്യസമരം കരുത്താർജിക്കുന്ന സമയത്ത് ബ്രിട്ടീഷ് വെെസ്രോയിയെ കണ്ട് നമ്മൾ രണ്ട് കൂട്ടരുടെയും താത്പര്യം ഒന്നാണ്, നിങ്ങളിവിടെ തുടർന്ന് ഉണ്ടാകണം എന്ന് പറഞ്ഞ പ്രത്യേക വിഭാഗം ഇവിടെയുണ്ടായിരുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here