കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ  സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോൺസൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിൻറെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.

കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചുവെന്ന് കോൺസൽ ജനറൽ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയിൽ നൽകിയ  സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here