മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി കെ.ടി. ജലീൽ രം​ഗത്ത്. സ്വപ്‌ന സുരേഷ് മാധവ വാര്യരെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണ്. തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ്. തനിക്ക് കുറച്ചുനാളുകളായി അദ്ദേഹത്തെ അറിയാം. എന്നാൽ സുഹൃദ് ബന്ധത്തിനപ്പുറം ഒന്നുമില്ല. – ജലീല്‍ വ്യക്തമാക്കി.

സ്വപ്‌നസുരേഷ് ജോലിചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്‍റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് കൊടുക്കേണ്ട പണം എച്ച്ആര്‍ഡിഎസ് നല്‍കിയില്ലെന്ന് മാത്രമല്ല, വണ്ടിച്ചെക്ക് കൊടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എച്ച്ആര്‍ഡിഎസിനെതിരെ മുംബൈ ഹൈക്കോടതിയില്‍ വാര്യര്‍ ഫൗണ്ടേഷന്‍ കേസും ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രതികാരമായാണ് മാധവ വാര്യരുടെ പേര് സ്വപ്ന ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും ജലീൽ വെളിപ്പെടുത്തി.

വാര്യര്‍ ഫൗണ്ടഷേന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതൊഴിച്ചാൽ മാധവ വാര്യരുമായി യാതൊരു ബന്ധവും തനിക്കില്ല. കാലിക്കറ്റ് സര്‍വകലാശാല ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കിയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. 2014-ലാണ് സിന്‍ഡിക്കേറ്റ് ഷാര്‍ജ ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യവും എഴുതിയ പുസ്തകങ്ങളും പരിഗണിച്ച് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുന്നത്. അന്നത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമാണ്. അയാള്‍ ഇന്ന് ബിജെപിയുടെ നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കില്‍ സലാമിനോട് ചോദിച്ചാല്‍ മതി. അന്നത്തെ വിദ്യാഭ്യസ മന്ത്രി അബ്ദു റബ്ബാണ്. 2018-ലാണ് ഞാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലെത്തുന്നതെന്നും ജലീല്‍ വിശദീകരിച്ചു.

മുഖ്യമന്ത്രിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും സ്വപ്ന എന്തൊക്കെയോ വിളിച്ചുപറയുകയാണ്. അത് കേൾക്കുമ്പോൾ അറപ്പാണ് തോന്നുന്നത്. ഒരിക്കലും ഒരാളോടും വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ആളാണ് മുഖ്യമന്ത്രി. അത്തരത്തിലുള്ള ഒരാളെ കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here