തിരുവനന്തപുരം :  സംസ്ഥാനത്തെ  അഡീഷണൽ ചീഫ്  സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും  സ്ഥാനമാറ്റം നൽകി ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണുവിനെ ആഭ്യന്തര  വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം പരിസ്ഥിതി വകുപ്പിന്റെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും.
റവന്യൂ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. ആർ ജയതിലകിന് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ  പൂർണ അധിക ചുമതല നൽകി. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറായ ഇഷിതാ റോയിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ പൂർണ അധിക ചുമതലയും വഹിക്കേണ്ടതുണ്ട്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .രാജൻ ഖൊബ്രഗഡെയ്ക്ക് ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കൃഷി വകുപ്പുകളുടെ പൂർണ അധിക ചുമതലയും വഹിക്കും. ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിന് ആരോഗ്യ,  കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി. കൂടാതെ ആയുഷ്, തുറമുഖ വകുപ്പുകളുടെ പൂർണ അധിക ചുമതലയും വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമിള മേരി ജോസഫിന് നിലവിലുള്ള അധിക ചുമതലകൾക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ) വിഭാഗത്തിന്റെ പൂർണ അധിക ചുമതല നൽകി. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന അലി അസ്ഗർ പാഷയെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആയിരുന്ന എൻ പ്രശാന്തിനെ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here