കൊച്ചി : എറണാകുളം ശിശു സൗഹൃദ പോക്‌സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രതികളെ വീണ്ടും നേരിൽ കാണുന്ന അവസ്ഥ ഒഴിവാക്കപ്പെടുന്ന തരത്തിലുള്ള ശിശു സൗഹൃദ മുറികൾ ഉൾപ്പെടുത്തിയാണ് എറണാകുളം പോക്‌സോ കോടതി ഒരുക്കിയിരിക്കുന്നത്. പോക്‌സോ കോടതികൾ ശിശു സൗഹൃദമാക്കപ്പെടുന്നതിന്റെ രാജ്യത്തെ തന്നെ എറ്റവും വലിയ ഉദാഹരണമാണ് എറണാകുളത്ത് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്‌സോ കോടതിയായ എറണാകുളം പോക്‌സോ കോടതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പോക്‌സോ കേസുകളിൽ ഇരകളാകുന്ന കുട്ടികൾ വർഷങ്ങൾക്കു ശേഷം വിചാരണ വേളയിൽ വളരെ ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. വീണ്ടും പ്രതികളെ കാണേണ്ടിവരുന്നതും മറ്റും കുട്ടികൾക്കു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വിവിധ കെയർ ഹോമുകളിൽ 18 വയസുവരെ കഴിയുന്നവർ തിരിച്ച് കുടുംബങ്ങളിലേത്തുമ്പോൾ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാതെ വരുന്നുണ്ട്. പല തരത്തിലാണ് ഇത്തരം സാഹചര്യങ്ങളെ അവർ നേരിടുന്നത്. ഇതിനെല്ലാം പരിഹാരം എന്ന നിലയ്ക്കാണു കൂടുതൽ പോക്‌സോ കോടതികൾ സ്ഥാപിച്ചുകൊണ്ട് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സർക്കാരും ജുഡീഷ്യറിയും ഇടപെടലുകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ മുന്നേറ്റം അളക്കുന്നതിനുള്ള മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നത് കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവുമാണ്. ശാരീരികവും മാനസികവും ബൗദ്ധീകവുമായി കുട്ടികൾക്കു വളരുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം സമൂഹത്തിൽ ഉണ്ടോ എന്നുള്ളതും വിലയിരുത്തപ്പെടുന്നുണ്ട്. കേരള സമൂഹം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എന്നാൽ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് ചില വിടവുകൾ നിലനിൽക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സമൂഹത്തിൽ ഒരു പൊതുബോധം ഉണരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വനിത ശിശുവികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയിലൂടെ 69 ലക്ഷം രൂപ ചെലവഴിച്ചാണ് എറണാകുളം പോക്സോ കോടതി ശിശുസൗഹൃദമാക്കിയതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here