കൊച്ചി :  സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ 2023 ലെ കേരളപ്പിറവിക്ക് മുൻപ് നാടിന് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോകോത്തര മാതൃകയിലായിരിക്കും സെന്റർ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ (ഐ.ഇ.സി.സി)  ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ടി.സി.എസിന്റേത് ഉൾപ്പടെ വിവിധ വ്യവസായ കേന്ദ്രങ്ങളും നിലവിലെ കൺവെൻഷൻ സെന്ററും യാഥാർത്ഥ്യമാകുന്നതോടെ തൃക്കാക്കരയുടെ മുഖം മാറും. ഭാവിയിൽ സംസ്ഥാനത്ത്  കൂടുതൽ സ്ഥിരം എക്സിബിഷൻ സെന്ററുകൾ  ആരംഭിക്കും. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ സംസ്ഥാനത്ത് 19600 സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചെന്നും സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഇത് ഒരു ലക്ഷത്തിൽ അധികമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഈ വർഷം 14 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്നും നിലവിലുള്ള ഇൻഡസ്ട്രിയൽ പാർക്കുകളെ ആധുനിക വൽക്കരിക്കുകയും ഹരിത മതിൽ ഉൾപ്പടെയുള്ള പദ്ധതികൾ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ് വേക്ക് സമീപം നിർദ്ദിഷ്ട പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കാക്കരയുടെ വികസനത്തിന് രാഷ്ട്രീയത്തിന് അധീതമായ പിന്തുണ ഉറപ്പു നൽകുമെന്ന് എം.എൽ.എ പറഞ്ഞു.

യോഗത്തിൽ കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, തൃക്കാക്കര നഗരസഭ അംഗം എം.ഒ വർഗീസ്, ടി.ഐ.ഇ ഗവേണിങ് ബോഡി അംഗം അജിത്ത് എ. മൂപ്പൻ, ഫിക്കി സംസ്ഥാന കൗൺസിൽ അധ്യക്ഷൻ ദീപക് എൽ. അസ്വാനി, സി.ഐ.ഐ കോ ചെയർമാൻ കെ.കെ.എം കുട്ടി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, കെ.ഇ.പി.ഐ.പി ചെയർമാൻ സാബു ജോർജ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എക്സിബിഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ദിവസത്തിനകം ആരംഭിക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. കാലാവസ്ഥാ പ്രതിസന്ധികൾ ബാധിക്കാതിരുന്നാൽ 2023 ഒക്ടോബറിൽ തന്നെ സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here