കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ക്കാർ തല്ലിത്തകർത്ത സംഭവത്തിൽ സി പി എം നേതൃത്വം കടുത്ത പ്രതിരോധത്തിൽ. പാർട്ടിക്ക് ബന്ധമില്ലെന്നും, അക്രമം നടത്തിയവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും തുടങ്ങിയ പതിവ് പ്രസ്താവനയൊക്കെയായി സി പി എം നേതൃത്വം രംഗത്തുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് തല്ലിത്തകർക്കാൻ മാത്രം എന്ത് പ്രകോപനമാണ് ഉണ്ടായതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.

ദേശീയ നേതാവായ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ് എഫ് ഐക്കാർ അക്രമം നടത്തിയത് ദേശീയതലത്തിൽ വലിയ വാർത്തയായതാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്. ബഫർസോണ് വിഷയത്തിൽ എന്തിനാണ് എസ് എഫ് ഐ ജില്ലാകമ്മിറ്റി മാർച്ച് സംഘടിപ്പിച്ചതെന്ന ചോദ്യമാണ് സി പി എം നേതാക്കൾ പോലും ഉന്നയിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസിനോട് ഒരുമിച്ച് നിൽക്കുന്ന പാർട്ടിയാണ് സി പി എം. ഇ ഡി കഴിഞ്ഞ കുറേ ദിവസങ്ങളായി രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കയാണ്. മോദി സർക്കാർ രാഹുലിനെ അകാരണമായി പീഡിപ്പിക്കുന്നതായി സി പി എമ്മും ആരോപണമുന്നയിച്ച് രംഗത്തെത്തിയ അതേ വേളയിലാണ് എസ് എഫ് ഐക്കാർ രാഹുലിന്റെ ഓഫീസ് തല്ലിത്തകർത്തത്. ഇത് സി പി എമ്മിന് വലിയ നാണക്കേടാണ് ദേശീയതലത്തിലുണ്ടാക്കിയത്.
വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമമുണ്ടായെന്നും അത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആരോപണമുന്നയിച്ച സി പി എം നേതൃത്വം ഇപ്പോൾ വയനാട്ടിലെ അക്രമം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നു പറയാൻ എന്ത് ന്യായമാണെന്നാണ് ഉയരുന്ന ചോദ്യം.
തുടർച്ചയായി വിവാദങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത് സർക്കാരിനും നാണക്കേടായിരിക്കയാണ്. ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ മാത്രമാണ് ഇനി ഫലപ്രദമെന്ന് വ്യക്തമായിട്ടും എന്തിനാണ് രാഹുലിനെതിരെ സമരം പ്രഖ്യാപിച്ചതെന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
ദേശീയതലത്തിൽ ഐക്യ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് എസ് എഫ് ഐ അക്രമ സംഭവം. രാഹൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി പി എമ്മിന്റെ ഡൽഹിയിലെ ഓഫീസായ എ കെ ജി ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. സി പി എമ്മിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഡൽഹിയിൽ നടന്നത്.
കേരളത്തിൽ സ്വർണക്കടത്ത് വിവാദവുമായി ഉണ്ടായ പ്രതിധേഷങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമ സംഭവമുണ്ടായിരിക്കുന്നത്. കോൺഗ്രസിനെ നേതാക്കളെല്ലാം വയനാട്ടിലേക്ക് എത്തുന്നതോടെ പ്രതിഷേധം കനക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here