തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻശിബിരിനിടെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിനെതിരായി പീഡന പരാതിയുയർന്നത് വിവാദത്തിലേക്ക്. പീഡനപരാതി ലഭിച്ചിട്ടില്ലെന്നാണ്  യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പറയുന്നത്. സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വിശദീകരിച്ചു.

എന്നാൽ പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നും കേരളത്തിൻറെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.  

പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തിൻറെ ശുപാർശ അനുസരിച്ചാണ് ദേശീയ സെക്രട്ടറി വിവേകിനെ സംഘടനയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. എന്നാൽ പരാതിയും നടപടിയും എല്ലാം സംഘടനയ്ക്ക് അകത്ത് മാത്രമാണ്. പരാതി കിട്ടി ദിവസങ്ങളായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇത് പൊലീസിന് കൈമാറാൻ തയ്യാറായിട്ടില്ല. സംഘടനയ്ക്ക് അകത്ത് തന്നെ നടപടി സ്വീകരിച്ച് പ്രശ്‌നം ഒതുക്കി തീർക്കാനാണ് നീക്കം. സിപിഎം നേതാവ് പി കെ ശശിക്കെതിരെ സമാനമായ പരാതി ഉയർന്നപ്പോൾ പാർട്ടിക്കകത്ത് തന്നെ ഒതുക്കി തീർത്തതിനെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് അന്ന്  ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ്  എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇടത് സംഘടനകളുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here