കൊച്ചി : മാലിന്യ നിർമാർജ്ജനത്തിനും സംയോജിത ഗതാഗത സംവിധാനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ വിശാലകൊച്ചി മേഖലയിൽ അടിയന്തരമായി നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. വിശാല കൊച്ചി വികസന അതോറിറ്റിയും സർക്കാർ വകുപ്പുകളും നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനത്തിനായി ജി.സി.ഡി.എയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖര, ദ്രവ, സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി വികേന്ദ്രീകൃതമായി പ്ലാൻറുകൾ സ്ഥാപിക്കണം. ഇക്കാര്യത്തിൽ പണം പ്രശ്‌നമാകില്ല. ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാക്കണം. സംയോജിത രീതിയിലുള്ള ഗതാഗത (ഇന്റഗ്രേറ്റഡ് ട്രാഫിക്) സംവിധാനം വഴി നഗരത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള സാഹചര്യം ഒരുക്കണം. ട്രെയിൻ, ബസ്, മെട്രോ, വാട്ടർ മെട്രോ, മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ ഇവയെ എല്ലാം പരസ്പരം ബന്ധിപ്പിച്ചാൽ ജനങ്ങൾക്കത് ഏറെ ഉപകാരപ്രദമാകും. അതുവഴി യാത്ര സുഗമമാക്കാൻ സാധിക്കും. കാൽനടയാത്രക്കാർക്കായി നടപ്പാതകളും സൈക്കിൾ യാത്രികർക്കായി സൈക്കിൾ പാതയും പ്രത്യേകം ക്രമീകരിക്കണം. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഓപ്പൺ സ്പേസുകളും ഒരുക്കാവുന്നതാണ്. നഗരത്തിലെ പാർക്കിംഗിനും ഏകീകൃത സംവിധാനം കൊണ്ടുവരണം. റോഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

പദ്ധതികൾ ആവിഷ്‌കരിക്കുക മാത്രമല്ല അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദഹം ഓർമ്മിപ്പിച്ചു. സർക്കാർ ഏജൻസികളും വകുപ്പുകളും തമ്മിൽ കൃത്യമായ ഏകോപനമുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പത്തിൽ നീക്കാം. ജി.സി.ഡി.എ ഇ -ഓഫീസായി മാറണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി.സി.ഡി.എ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മേയർ അഡ്വ. എം. അനിൽകുമാർ, കെ.ജെ മാക്സി എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ജില്ലാ കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ എസ്. ഷാനവാസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ്, ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്ക്, വിവിധ വകുപ്പുകളിലെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here