കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ വിവാദങ്ങളിലേക്ക്. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ പലതും പ്രോസിക്യൂഷൻ കേസുമായി ഒത്തുപോകുന്നതല്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. അർധ സത്യങ്ങളോ അസത്യങ്ങളോ ആണ് ഇവയെന്നാണ് നിരീക്ഷണം. കോടതി അന്തിമവിധി പറയും മുമ്പ് വിചാരണയിലിരിക്കുന്ന കേസിൽ ശ്രീലേഖ നിഗമനത്തിലെത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നതും.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളുടെ യുക്തി കൂടിയാണ് ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ജയിലിൽ നിന്ന് പൾസർ സുനി പറഞ്ഞിട്ടാണ് വിപിൻ ലാൽ  കത്തെഴുതിയതെന്ന് സഹതടവുകാരടക്കം മൊഴി നൽകിയിരുന്നു. എന്നാൽ മറ്റാരുടെയോ നിർദേശപ്രകാരം ജയിലിന് പുറത്ത് വച്ച് വിപിൻ ലാൽ കത്തെഴുതിയെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാൽ ജയിലിലെ സെല്ലിൽ കിടന്ന് വിപിൻ ലാലിനെക്കൊണ്ട് പൾസർ സുനി കത്തെഴുതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കത്തിലെ കൈയ്യക്ഷരം തൻറേതാണെന്ന് വിപിൻ ലാലും സമ്മതിച്ചിട്ടുണ്ട്.
അതേപോലെ ജയിലിനകത്ത് ഫോൺ എത്തിക്കാൻ ഒരു രീതിയിലും നടക്കില്ലെന്ന ശ്രീലേഖയുടെ വാദവും തെറ്റാണെന്ന് സഹതടവുകാരനായ വിപിൻ ലാൽ വ്യക്തമാക്കുന്നു.

നടി കേസുമായി തനിക്ക് പറയേണ്ടതെല്ലാം വീഡിയോയിലുണ്ട്, ഈ വിവാദങ്ങളെല്ലാം പ്രതീക്ഷിച്ചതെന്നാണ്  ആർ ശ്രീലേഖയുടെ പ്രതികരണം. സ്‌നേഹപൂർവ്വം ശ്രീലേഖയെന്ന യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം ആർ ശ്രീലേഖ നടി അക്രമണകേസിൽ നടൻ ദിലീപ് നിരപരാധിയാണെന്നും, പൾസർസുനി പ്രഖ്യാപിത കുറ്റവാളിയാണെന്നും നേരത്തെയും ഇതുപോലെ സുനി നടിമാരെ ഉപദ്രവിച്ചതായി തന്നോട് ചിലർ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പടുത്തൽ. സുനിയും ദിലീപും തമ്മിലുള്ള ഫോട്ടോ ഫോട്ടോഷോപ്പിൽ ഉണ്ടാക്കിയെടുത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്നും ഡി ജി പി റാങ്കിൽ പൊലീസ് സേനയിലുണ്ടായിരുന്ന ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ഒന്നൊന്നായി പൊളിയുകയാണ്.

കൊച്ചിയിൽ ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിയ്ക്കിടെയാണ് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വഴക്കുണ്ടാകുന്നത്. അതിന് താരങ്ങളും സാക്ഷികളാണ്. പൾസർ സുനിയുടെ പശ്ചാത്തലമറിയാവുന്ന ദിലീപ് അവിടെ വെച്ചാണ് ക്വട്ടേഷൻ നൽകിയത്. പൾസർ സുനിയെ പിടികൂടി ചോദ്യം ചെയ്ത ആദ്യ അന്വേഷണസംഘത്തോട് ദിലീപിൻറെ പങ്കാളിത്തത്തെപ്പറ്റി എന്തുകൊണ്ട് മിണ്ടിയില്ല എന്ന ശ്രീലേഖയുടെ ചോദ്യത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു.

ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചന നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യ കുറ്റപത്രത്തിനുശേഷം അന്വേഷണസംഘം വിപുലീകരിച്ച് വിശദമായി അന്വേഷിച്ച് ദിലീപിലേക്കെത്തിയത്.  നടിയെ ആക്രമിച്ച കേസിൽ ഒരുഘട്ടത്തിൽപ്പോലും ഭാഗമായിട്ടില്ലാത്ത ശ്രീലേഖ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നടത്തുന്ന പരാർമർശങ്ങൾരക്കെതിരെ അന്വേഷണസംഘം നിയമപരമായി നീങ്ങുന്നതും ഇതുകൊണ്ടുതന്നെയാണ്.

 പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോർഫ് ചെയ്തതെന്ന ആർ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദിൽ വ്യക്തമാക്കി. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫർ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തൻറെ ഫോണിൽ എടുത്ത സെൽഫിയാണിതെന്നും  ഫോട്ടോയിൽ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദിൽ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകർത്തിയ ചിത്രവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബിദിൽ വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here