കൊച്ചി: വ്യാജ മാധ്യമ പ്രവര്‍ത്തകക്കെതിരെയുള്ള അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി പരാതി. മാധ്യമ സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളവും മറ്റ് അനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത്, ഓഫീസാവശ്യത്തിനായ് പരാതിക്കാരുടെ ക്രെഡിറ്റ് കാര്‍ഡും സ്വര്‍ണ ഉരുപ്പടികളും കൈക്കലാക്കിയതിന് ശേഷം അത് തിരിച്ച് കൊടുക്കുകയോ, ജോലി ചെയ്ത ശമ്പളമോ നല്‍കിയില്ലെന്നുമാണ് പരാതി.

കഴിഞ്ഞമാസം 20-ാം തീയതി കൊല്ലം സ്വദേശിനിയായ ചിത്ര എന്ന സ്ത്രീക്കെതിരെയാണ് സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയത്. എന്നാല്‍ പരാതിക്കാരെ പല പ്രാവശ്യം സ്റ്റേഷനില്‍ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുകയല്ലാതെ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള ആരോപണ വിധേയയുടെ ഓഫിസിലോ വീട്ടിലോ പോലീസ് അന്വേഷണം നടത്തുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരാതിക്കാരിയായ ദിവ്യയെ പരിഹസിക്കുകയാണെന്നാണ് ആരോപണം.

കൊല്ലം സ്വദേശി ചിത്ര എന്ന മധ്യവയസ്‌ക, ഉമ കൃഷ്ണനെന്ന പേരിലാണ് എറണാകുളത്ത് കേരള പ്രണാമം എന്ന പേരില്‍ പത്രമോഫീസ് നടത്തി തട്ടിപ്പുകള്‍ നടത്തുന്നത്.ആര്‍ എന്‍ ഐ റജിസ്ട്രേഷനോ മറ്റെന്തെങ്കിലും റജിസ്ട്രേഷനോ ഇല്ല. എന്നിട്ടും ഇല്ലാത്ത പത്രത്തിന്റെ പേരില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലടക്കം ഇവര്‍ പത്രപ്രവര്‍ത്തകയെന്ന വ്യാജവിലാസം ഉപയോഗിച്ച് വേദിയില്‍ പോലും കയറിയിരുന്നിട്ടും പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വ്യാജനെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

പത്ര നടത്തിപ്പിന്റെ പേരില്‍ പാലക്കാട് മണ്ണാര്‍ക്കാട് കോടതികളില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും ക്രിമിനല്‍, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വ്യക്തമായ തെളിവുകളോടെ പാലാരിവട്ടം പോലീസിന് പരാതി നല്‍കിയിട്ടും വളരെ ലാഘവത്തോടെയാണ് പോലീസിന്റെ സമീപനം, പത്രത്തിന്റെ ഉടമസ്ഥനെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജേന്ദ്രന്‍ എന്നയാളെ കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്.

ഒരു സ്ത്രീ, തനിക്ക് നേരിടേണ്ടി വന്ന പരാതിയുമായ് ഒരു മാസത്തോളം സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും അതിന് തക്കതായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിനാല്‍ ആത്മാഹുതി ചെയ്താലെ നിയമം നടപ്പാക്കുന്നുണ്ടെങ്കില്‍ അത് നടത്താനും തയ്യാറാണെന്നും അതിലേക്കുള്ള വഴി തുറക്കരുതെന്നും പരാതിക്കാരി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here