File Image

തിരുവന്തപുരം: അന്തരിച്ച സി പി എം നേതാവ് പി ബിജുവിൻറെ പേരിൽ ഡിവൈഎഫ്‌ഐ പിരിച്ച ഫണ്ടിൽ തിരിമറിയെന്ന് ആരോപണം. തിരുവനന്തപുരം ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  പയ്യന്നൂർ ഫണ്ട് വിവാദത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്നും പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

പി ബിജുവിൻറെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ‘റെഡ് കെയർ സെൻററും’ ആംബുലൻസ് സർവീസും ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഫണ്ട് പിരിവ് നടന്നത്. സി പി എം ജില്ലാ നേതൃത്വത്തിൻറെ നിർദേശപ്രകാരം ഡിവൈഎഫ്‌ഐ പാളയം ഏരിയാ കമ്മിറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നൽകിയത്.

ഡിവൈഎഫ് നേതാവ് തുക വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നച്. ഫണ്ട് പിരിവിൽ 11 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. ഇതിൽ ആറ് ലക്ഷം രൂപ നേതൃത്വത്തിന് കൈമാറി. ഈ സമയത്ത് ആംബുലൻസ് വാങ്ങാനായി നീക്കിവെച്ച അഞ്ച് ലക്ഷം രൂപയെച്ചൊല്ലിയാണ് വിവാദം.

മുൻ ഡി വൈ എഫ് ഐ നേതാവും യൂത്ത് വെൽഫെയർ ബോർഡ് ചെയർമാനുമായിരുന്ന പി ബിജു കൊവിഡ് ബാധിച്ച് രണ്ടുവർഷം മുൻപാണ് മരിച്ചത്.


ഡിവൈഎഫ്‌ഐ നേതാവ് ഫണ്ട് വകമാറ്റിച്ചെലവഴിച്ചെന്ന പരാതി സിപിഎം നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. ഈ മാസം 7ന് ചേർന്ന സിപിഎം പാളയം ഏരിയാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായി. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിലുണ്ടെന്നുമാണ് പാളയം ബ്ലോക്ക് കമ്മിറ്റി നൽകുന്ന വിശദീകരണം.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദമായപ്പോഴും നേതൃത്വം പണം നഷ്ടമായിട്ടില്ലെന്ന് പറഞ്ഞ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here