കൊച്ചി: കമളശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി വിധിച്ചു. കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍, പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി എന്നിവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും ഏഴാം പ്രതി പറവൂര്‍ സ്വദേശി താജുദീന് ആറു വര്‍ഷം കഠിന തടവുമാണ് വിധിച്ചത്. മൂന്നു പേര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്. ഇവര്‍ 1,75,000 രൂപ വീതം പിഴയടക്കണം.

കേസില്‍ കുറ്റം സമ്മതിച്ചവരുടെ ശിക്ഷയാണ് ഇന്ന് കോടതി വിധിച്ചത്. നേരത്തെ കുറ്റം സമ്മതിച്ച പറവൂര്‍ സ്വദേശി കെ.എ അനൂപിനെ കോടതി നേരത്തെ ആറു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.

എട്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 39 വര്‍ഷമാണ് മൊത്തം ശിക്ഷ ലഭിച്ചത്. ഇത് എല്ലാം കൂടി ഏഴു വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിചാരണ തടവു കാലാവധി ഒഴിച്ചുള്ള വര്‍ഷങ്ങള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെങ്കിലും മറ്റു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ഇവര്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിയില്ല.

പ്രതികള്‍ നിലവില്‍ ബംഗലൂരുവിലെ ജയിലിലാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയുടെ ഉള്‍പ്പെടെ 10 പേരുടെ വിചാരണ പൂര്‍ത്തിയായില്ല.

ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചത്. 2005 സെപ്തംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് കോര്‍പറേഷന്റെ ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കളമശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസെടുത്തത്. 14 പ്രതികളാണ് ഉണ്ടായിരുന്നത് ഒരാള്‍ മരിച്ചു.

2010ല്‍ കുറ്റപ്വത്രം സമര്‍പ്പിച്ചുവെങ്കിലും 2019ലാണ് വിചാരണ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here