തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളിലെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അഞ്ച് വീടുകള്‍ ഭാഗീകമായി തകരുകയും ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയു ചെയ്തു. വലിയതോതില്‍ മഴ ശക്തമാകുകയാണെന്നും അടുത്ത നാല് ദിവസം അതിതീവ്രമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണ​മെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴയാണ്. നാളെ വരെ അതിതീവ്രമഴ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കും. നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തില്‍ക്കൂടി വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലി മീറ്ററില്‍ അധികം മഴ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായി നാല് ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ എത്തിയിട്ടുണ്ട്. എന്‍ഡിാര്‍എഫിന്റെ നാല് അധിക സംഘങ്ങളെക്കുടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം,ജില്ലകളിലേക്കു വിടും. ജലസേചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്നും വെളളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ വെളളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here