പത്തനംതിട്ട: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിറപുത്തരി ആഘോഷത്തിന് ഇത്തവണ ശബരിമലയിലെത്തുന്ന തീർത്ഥാടകർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം. ശബരിമല യാത്രയ്‌ക്ക് തീർത്ഥാടകർക്ക് തടസമില്ലെന്ന് ജില്ലാ കളക്‌ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു. നദികളിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവുണ്ട്. അതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല.സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാകും തീർത്ഥാടകരെ അനുവദിക്കുക.

 

രക്ഷാ പ്രവർത്തനത്തിന് ആവശ്യം വരുന്ന മുറയ്‌ക്ക് കെഎസ്‌ആർ‌ടിസി ബസുകളും ആംബുലൻസുകളും വിന്യസിക്കും. നിറപുത്തരി ആഘോഷങ്ങൾക്കുള‌ള ക്രമീകരണങ്ങൾ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. അടിയന്തര ഘട്ടത്തിൽ സജ്ജീകരണങ്ങളും ഉദ്യോഗസ്ഥരും തയ്യാറാണെന്ന് കളക്‌ടർ അറിയിച്ചു. ഓഗസ്‌റ്റ് നാലിനാണ് സന്നിധാനത്ത് നിറപുത്തരി പൂജകൾ. ഇതിനായി മൂന്നിന് നടതുറക്കും. ഓഗസ്‌റ്റ് രണ്ട്, മൂന്ന്, നാല് തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ജാഗ്രതയോടെ കൂടിയുള‌ള തീർത്ഥാടനത്തിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here