രാജേഷ് തില്ലങ്കേരി

ഗവർണ്ണർ ഒരു ആലങ്കാരിക പദവിയാണ് എന്നായിരുന്നു സംസ്ഥാന സർക്കാരുകൾ എന്നും കരുതിയിരുന്നത്.  എന്നാൽ ആ പതിവ് തെറ്റിച്ച ചുരുക്കം ചിലരും ഗവർണ്ണർമാരായി ഇരുന്നിട്ടുണ്ട്. കേവലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായി റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാനായി എത്തുന്നവരാണ് ഗവർണ്ണർമാർ എന്നൊക്കെയായിരുന്നു നേരത്തെയുള്ള ആരോപണം. എന്നാൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി സംസ്ഥാന സർക്കാരിനോട് ഇണങ്ങിയും പിണങ്ങിയുമാണ് മുന്നോട്ടുപോയത്.

വിവിധ വിഷയങ്ങളിൽ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കാനും ഗവർണ്ണർക്ക് കഴിഞ്ഞിട്ടുണ്ട്. സർവ്വകലാശാലകളുടെ തലവൻ എന്ന നിലയിൽ പിവിസി നിയമനത്തിലും മറ്റും നിയമനങ്ങളിലും സർക്കാരുമായി ഉടക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ബജറ്റു സമ്മേളനത്തിൽ നയ്പ്രഖ്യാപന പ്രസംഗത്തിന് ഗവർണ്ണർ എത്തില്ലെന്ന് അവസ്ഥവരെ സൃഷ്ടിച്ച് സർക്കാരിനെ വെള്ളംകുടിപ്പിച്ച ചരിത്രവും ആരിഫ് മുഹമ്മദ്ഖാൻ എന്ന നിലയിലുള്ള ഗവർണ്ണർക്കുണ്ട്.

അവസാനമായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസുകൾക്കെതിരെ ശക്തമായ നിലപാടുമായി ഗവർണ്ണർ വീണ്ടും എത്തുകയാണ്. സർക്കാർ കൊ്ണ്ടുവന്ന ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ല, ഓർഡിനൻസിൽ കൃത്യമായ വിശദീകരണം വേണമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച പല നിലപാടും പിന്നീട് ഗവർണ്ണർ മയപ്പെടുത്തിയിരുന്നു. വൈസ് ചാൻസിലർ പദവി ഒഴിയാൻവരെ ഗവർണ്ണർ തീരുമാനിച്ചിരുന്നു.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റ്ാഫിനുള്ള പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഗർണ്ണർ വ്യത്യസ്ഥമായ നിലപാട് സ്വീകരിച്ചത് സംസ്ഥാന സർക്കാരിനെയും സി പി എമ്മിനെയും ഏറെ ചൊടിപ്പിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാല വി സി നിയമനത്തിൽ വിദ്യാഭ്യാസമന്ത്രി അനധികൃതമായി ഇടപെട്ടുവെന്ന ആരോപണവും, രാഷ്ട്പതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുമെല്ലാം ഗവർണ്ണർ-സർക്കാർ ബന്ധങ്ങളിൽ വിള്ളൽവീഴ്ത്തിയ സംഭവങ്ങളാണ്.  

ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. സമയം വേണമെന്നും ഒറ്റദിവസം കൊണ്ട് എല്ലാ ഓർഡിനൻസിലും ഒപ്പു വക്കാനാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതോടെ അത്രപെട്ടെന്ന് മഞ്ഞുരുകൽ ഉണ്ടാവില്ലെന്ന് വ്യക്തം.. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകൾ ് അസാധുവായേക്കാവുന്ന പ്രത്യേക സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

‘ തൻറെ അധികാരം കുറക്കാൻ സർക്കാർ ശ്രമമെന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്.: ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ല. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു.ഡിജിറ്റൽ ഒപ്പിന് അധികാരമുണ്ട്.പക്ഷേ ഓർഡിനൻസ് മുഴുവനായി മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് കാരണം’ ഗവർണർ പറഞ്ഞു

ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തതിൽ  നേരത്ത ഗവർണ്ണർക്ക് ചീഫ് സെക്രട്ടറി കൂടുതൽ വിശദീകരണം നല്കിയിരുന്നു. ഒക്ടോബറിൽ നിയമനിർമ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സർക്കാരിൻറെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജൻഡ ബജറ്റ് ചർച്ച മാത്രമായിരുന്നു എന്നും സർക്കാർ വിശദീകരിച്ചു.എന്നാൽ ഈ വിശദീകരണം ഗവർണർ അംഗീകരിച്ചിട്ടില്ലെന്നാണ്  അദ്ദേഹത്തിൻറെ പ്രതികരണം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗ്ഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു.  പരാതി കിട്ടിയാൽ ചവറ്റുകുട്ടയിൽ ഇടാൻ കഴിയില്ല. സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം തേടും. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറല്ലെന്നും ഗവർണർ പറഞ്ഞു. വിഷയത്തിൽ കണ്ണൂർ വിസിയോട് അടിയന്തിരമായി ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിൻറെ നിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രിയ വർഗ്ഗീസിന്  ഒന്നാം റാങ്ക് നൽകിയതിൻറെ പാരിതോഷികമായാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന ആരോപണവും ഉണ്ടായിരുന്നു. നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ.

തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിന് തൊട്ടു മുൻപ് മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിൻറെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here