ജെയിംസ് കൂടൽ
(ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂ എസ് എ)


പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബഹ്‌റ സ്ഥാനം ഒഴിഞ്ഞെങ്കിലും ഡിജിപിയായിരുന്ന കാലത്ത്  നടത്തിയിരുന്ന ഇടപാടുകളുടെ  വക്രതനിറഞ്ഞ നാളുകൾ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത് സംസ്ഥാനത്തിന് വലിയ നാണക്കേട് ആയിരിക്കുകയാണ്. സേനയിലെ അഴിമതി കഥകൾ നിരന്തരം പുറത്ത് വരമ്പോൾ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും അത്രപെട്ടന്ന്  തലയൂരാനികില്ല. സിഎജി റിപ്പോർട്ടിൽ പോലും ലോക്‌നാഥ് ബഹ്‌റ കുറ്റക്കാരനാണെന്ന് പരാമർശിക്കമ്പോൾ ആരോപണങ്ങളിൽ നിന്നെല്ലാം ബഹ്‌റയെ കുറ്റവിമുക്തനാക്കുകയാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും.  
 
പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച 4.33കോടി രൂപ വക മാറ്റിയ  ലോക്‌നാഥ് ബഹ്‌റയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചത് ധനകാര്യ വകുപ്പിന്റെ കടുത്ത എതിർപ്പിനെ മറി കടന്നായിരുന്നു. കേന്ദ്ര ഫണ്ടായി കിട്ടിയ 433 ലക്ഷമാണ് ബെഹ്‌റ വകമാറ്റിയത്. സർക്കാരിന്റെ ധനവിനിയോഗത്തിൻമേലുളള കടന്നുകയറ്റമാണിതെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു. വില്ലകളും ഓഫീസുകളും പണിതതിലൂടെ തുക വകമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്തിരുന്നതുമാണ്. കേന്ദ്ര ഫണ്ട് വിനിയോഗത്തെ ഇത് കാര്യമായി ബാധിക്കുമെന്നായിരുന്നു ധനവകുപ്പിന്റെ നിരീക്ഷണം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തിയാണ് പോലീസ് വകുപ്പ് ചെയ്തത്. ഭരണപരവും സാമ്പത്തികവുമായ സംസ്ഥാന ഗവൺമെന്റിന്റെ അധികാരങ്ങളെ മറി കടന്നതിലൂടെ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയതിനാൽ മുൻപോലീസ്‌മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി എടുക്കണമെന്ന്  ധനവകുപ്പ് ആവശ്യമുന്നയിച്ചിരുന്നു.

എന്നാൽ, പ്രശ്‌നം മന്ത്രിസഭായോഗത്തിലെത്തിയപ്പോൾ ബഹ്‌റ പരിശുദ്ധനായി.  ബഹ്‌റ ചെയ്തത് ശരിയാണെന്ന് മന്ത്രിസഭായോഗം കണ്ടെത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ബഹ്‌റയുടെ വിവാദ നടപടി. പോലീസ് വകുപ്പിന്റെ ആധുനികവൽകരണം എന്ന സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമിക്കാൻ പണമനുവദിച്ചത്. പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർപോലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനായി തുക വകമാറ്റി ചെലവിട്ടു. ക്രമക്കേട് സിആന്റ് എജിയാണ് കണ്ടെത്തിയത്.

പോലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും സി.എ.ജി. റിപ്പോർട്ടിലുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ തന്നെ  ബെഹ്ര ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതുംദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്. എന്നിട്ടും ഒരു അന്വേഷണമോ വിശദീകരണമോ ചോദിക്കാതെ ബെഹ്രെ ന്യായികരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അനുദിനം പുറത്തുവരുന്ന പല ഏർപ്പാടുകളുടെ വിവരങ്ങളും കഴിഞ്ഞ നാളുകളിൽ പൊലീസിന്റെ തലപ്പത്ത് കള്ളൻ കപ്പലിൽ തന്നെയെന്ന ശൈലിയായിരുന്നു എന്നവേണം കരുതാൻ.

തിരുവനന്തപുരം ടെക്‌നോപാർക്ക് സുരക്ഷയ്ക്കായി മുൻ ലോക്‌നാഥ് ബെഹ്രയുടെ കാലത്ത് അവശ്യപ്പെട്ടതിൽ അധികം പൊലീസിനെ നൽകി 1.70കോടി രൂപയുടെ ബാധ്യത വരുത്തിയതും നാണക്കേടിന്റെ ഇടപാടാണ്.  ബെഹ്രയുടെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സുരക്ഷയ്ക്കായിട്ടായിരുന്നു ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നത്.

മാവോയിസ്റ്റ്‌വേട്ടക്ക്‌വേണ്ടി സജ്ജമാക്കിയ തണ്ടർബോൾട്ട് സംഘത്തിന്റെ മറവിലും വലിയ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടുള്ളതായി ആക്ഷേപമുണ്ട്.  തണ്ടർബോൾട്ടിന്‌വേണ്ടി ക്യാമറകളും വാഹനങ്ങളും  വാങ്ങിയതിലാണ് ക്രമക്കേട് ഉണ്ടെന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. 95 ലക്ഷം രൂപ മുടക്കി അഞ്ചുവർഷം മുമ്പ് വാങ്ങിയ നൈറ്റ് വിഷൻ റിമോട്ട് ക്യാമറകൾ ഇനിയും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം ഇടപാടുകളുടെ ചരിത്രം ചികഞ്ഞാലും ബെഹ്രയുടെ ഭാഗത്തായിരിക്കും ലാഭത്തിന്റ ഗ്രാഫ് ഉണ്ടാവുക. മാവേയിസ്റ്റ് വേട്ടകൾ പോലും സംശയത്തിന്റെ നിഴലിലാണ് , കേന്ദ്രഫണ്ട് തട്ടിയെടുക്കാനായി നടത്തുന്ന നാടകങ്ങൾ ആണെന്ന് പോലും സംശയം ജനിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പുക്കാരൻ മോൺസൺ മാവുങ്കലുമായി ബെഹ്രയ്ക്ക്  അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളുടെ പല കേസുകളും വെളിച്ചത്ത് വരാത്തത്തിന് പിന്നിൽ മുന്നിൽ ഡി.ജി.പിയുടെ ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് പ്രതിപക്ഷം പറയുന്നത് അത്രപ്പെട്ടന്ന് അവഗണിച്ചു വിടാനാകില്ല. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും തട്ടിപ്പിന്റെ ചാലകമാകമ്പോൾ പൊലീസ് മേധാവിയുടെ വേഷം എന്താണെന്ന്  അറിയേണ്ടിയിരിക്കുന്നു. അന്വേഷണ വിധേയമാക്കണം ഇത്തരം കാര്യങ്ങൾ. അല്ലെങ്കിൽ സംശയത്തിന്റെ നിഴലിലാകുന്നത് പൊലീസ് മന്ത്രികൂടിയാകും.
 

LEAVE A REPLY

Please enter your comment!
Please enter your name here