കോഴിക്കോട് : തിരഞ്ഞെടുക്കപ്പെട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ ഇലക്ട്രിക് ചാർജിങ് സെന്ററുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ കൊടുവള്ളിയിലെ വെണ്ണക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി വകുപ്പുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഇ.വി ചാർജിംഗ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള 50 കിലോവാട്ട് സൗരോർജ്ജ സംവിധാനത്തിൽ നിന്നും ഒരു ദിവസം ഏകദശം 200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഒരു കിലോവാട്ടിന് 20,000 രൂപ നിരക്കിൽ 50 കിലോവാട്ടിന് 10 ലക്ഷം രൂപ അനെർട്ട് സബ്സിഡി നൽകുന്ന പദ്ധതി പ്രകാരമാണ് ഈ സോളാർ പ്ലാന്റ് സ്ഥാപിച്ചത്.

ഒരേ സമയം 2 കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള 142 കിലോവാട്ട് മെഷീൻ, 3 ഓട്ടോറിക്ഷകൾ ചാർജ് ചെയ്യുന്നതിനുള്ള 10 കിലോവാട്ട് മെഷീൻ കൂടാതെ ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവ ചാർജ് ചെയ്യുന്നതിനുള്ള 7.5 കിലോവാട്ട് ശേഷിയുള്ള മെഷീൻ എന്നിവയാണ് ഈ ചാർജിംഗ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ളത്. അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയർ ലാബ് എന്ന സ്ഥാപനമാണ് ചാർജിംഗ് മെഷീനുകൾ സ്ഥാപിച്ച് പദ്ധതി പൂർത്തിയാക്കിയത്. കഫ്റ്റിരിയയും ശുചിമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വെണ്ണക്കാട് റോയൽ ആർക്കയിഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ പി.ടി.എ റഹിം, എം.കെ മുനീർ, മുൻസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു, അനെർട്ട് ഇ-മൊബിലിറ്റി ഡിവിഷൻ മേധാവി ജെ. മനോഹരൻ, അനെർട്ട് ജില്ല എഞ്ചിനീയർ അമൽചന്ദ്രൻ ഇ.ആർ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here