കൊച്ചി: സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി.

ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയിൽ സോണൽ ഓഫിസിൽ ജോയിന്റ് ചെയ്യാനാണ് ഇഡി നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു വർഷം മുൻപ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസിൽ അന്വേഷണം അവസാനിക്കാത്തതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. അന്വേഷണം നിർണ്ണയക ഘട്ടത്തിൽ എത്തി നിൽക്കെ ഉദ്യോഗസ്ഥനോട് ഉടൻ സ്ഥാനമൊഴിയാൻ നിർദ്ദേശിച്ചതിന് പിറകിൽ  കേരളത്തിൽ നിന്നുള്ള എതിർപ്പും കാരണമായെന്നണ് സൂചന. സ്വപ്നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിൻറ് ഡയറക്ടർ കാര്യമായ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷകർക്കടക്കം പരാതിയുണ്ടായിരുന്നു. മാത്രമല്ല കേരളത്തിൽ നിന്ന് കേസ് ബംഗലുരുവിലേക്ക് മാറ്റാനുള്ള നീക്കം പി രാധാകൃഷ്ണൻ  നടത്തിയത് കേരളത്തിലെ കേന്ദ്ര സർക്കാർ അഭിഭാഷകർപോലും അറിയാതെയാണ്. ഇതും പെട്ടെന്നുള്ള സ്ഥാനമാറ്റത്തിന് കാരണമായി എന്നാണറിയുന്നത്. സ്വപ്ന സുരേഷ്  കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പി രാധാകൃഷ്ണൻ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലിൽ ക്രൈംബ്രാഞ്ച് ഇഡിയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പി രാധാകൃഷ്ണന് പകരം ഈ ആഴ്ചതന്നെ പുതിയ ഉദ്യോഗസ്ഥനെ നിശ്ചയിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.

കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ  പ്രധാന ആരോപണം.

നടപടികൾ  ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാനസർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതനുവേണ്ടിയാണിത്. സ്വപ്ന സുരേഷിൻറെ  മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജതെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു.  ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡിഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here