രാജേഷ് തില്ലങ്കേരി

കൊച്ചി : ആരോഗ്യ സ്ഥിതി കൂടുതൽ മോശമായ സാഹചര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും അവധിയിൽ പോവുന്നു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ കെ ബാലനു കൈമാറും. അടുത്ത ദിവസം നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. കഴിഞ്ഞയാഴ്ച നടന്ന സി പി എം കേന്ദ്രകമ്മിറ്റിയോഗത്തിൽ കോടിയേരി തന്നെ നേരിൽ ആരോഗ്യവസ്ഥ മോശമായതിനാൽ അവധി അനുവദിക്കമമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിമാർക്കെതിരെയുയർന്ന ചില പരാതികളിൽ മറുപടി പറയാൻ വിളിച്ച പത്രസമ്മേളനത്തിൽ കോടിയേരിക്കൊപ്പം എ കെ ബാലനെയും പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. കോടിയേരിയുടെ ആരോഗ്യാവസ്ഥ പാർട്ടി വീണ്ടും ചർച്ച ചെയ്തതോടെയാണ് സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം.

 അർബുദബാധിതനായതിനെ തുടർന്ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിൽയിലാണ് കോടിയേരി. ആദ്യഘട്ടം രോഗബാധിതനായിരുന്ന സമയത്താണ് കോടിയേരി ചുമതലയിൽ നിന്നും മാറിനിൽക്കാനും, പകരം എ വിജയരാഘവന് ചുമതല കൈമാറാനും തീരുമാനിച്ചത്. ഇതേ സമയത്താണ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ ബംഗ്ലൂരുവിൽ അറസ്റ്റിലാവുന്നതും, ജയിലിലടക്കപ്പെടുന്നതും, ഇതോടെ കോടിയേരി തന്റെ അവധി അനന്തമായി നീട്ടി. പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തിയിട്ടും കോടിയേരി തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി പദത്തിലേക്ക് തിരികെ എത്താൻ തയ്യാറായില്ല. രണ്ടാം പിണറായി സർക്കാരിലെ മന്ത്രി മാരെ നിർണ്ണയിച്ചതുൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും കോടിയേരിയുൾപ്പെടെയുള്ളവർ ചേർന്നായിരുന്നു കൈക്കൊണ്ടത്. പിന്നീട് അവധി റദ്ദാക്കി സെക്രട്ടറി പദത്തിലേക്ക് വീണ്ടും തിരികെയെത്തിയ കോടിയേരി വളരെ സജീവമായിരുന്നു.

കഴിഞ്ഞ മാർച്ചിൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ  വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടികോൺഗ്രസിന്റെ മുഖ്യസംഘാടകനായും കോടിയേരി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും രോഗബാധിതനായ കോടിയേരി അമേരിക്കയിലെ മയോ ക്ലിനിക്കൽ ചികിൽസ തേടിയെങ്കിലും ആരോഗ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടായില്ല. കഴിഞ്ഞ രണ്ടു മാസമായി പാർട്ടി വേദികളിലൊന്നും കോടിയേരിയുണ്ടായിരുന്നില്ല. കോടിയേരി യുടെ അനോരോഗ്യം പാർട്ടി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായുള്ള വിലയിരുത്തലോടെയാണ് വീണ്ടും അവധിയിൽ പോകാനും, പകരം ചുമതല കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ കെ ബാലനെ ഏൽപ്പിക്കാനും തീരുമാനിച്ചത്. കണ്ണൂരിൽ നിന്നുള്ള ഒരു നേതാവ് പകരക്കാരനായി വരണമെന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യമെങ്കിലും കോടിയേരിയുടെയും പിണറായിയുടെയും തീരുമാന പ്രകാരമാണ് എ കെ ബാലനെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് കൊണ്ടുവരുന്നത്. നിലവിൽ എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനാണ് സെക്രട്ടറി പദം ആഗ്രഹിക്കുന്ന നേതാവ്. 
 

LEAVE A REPLY

Please enter your comment!
Please enter your name here