തിരുവനന്തപുരം : ഫെഡറൽ തത്വങ്ങൾ നിലനിർത്തി മാത്രമേ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുൾപ്പെടെ ഈ നിലപാടു സ്വീകരിച്ചു മുന്നോട്ടുപോകുകയെന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 76-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായിമാറുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫെഡറൽ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കുള്ള സമ്പത്ത് ലഭിക്കുമ്പോൾ മാത്രമേ ഇതിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചേരൂ. എങ്കിൽ മാത്രമേ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ സമീപനങ്ങൾ പ്രാവർത്തികമാകൂ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരിന്റെ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടപെടലാണു സർക്കാർ നടത്തുന്നത്. വികസനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടൽ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

ജനജീവിതം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. അതീവ ദാരിദ്ര്യം, ഭവനരാഹിത്യം എന്നിവ നിർമാർജനം ചെയ്യുകയെന്നതു പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വികസിപ്പിച്ച് ഉത്പാദനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കുകയെന്ന കാഴ്ചപ്പാടാണു സർക്കാരിനുള്ളത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ അറിവുകളെ ആധുനിക വിജ്ഞാനങ്ങളുമായി കൂട്ടിച്ചേർക്കുകയെന്നതു വൈജ്ഞാനിക സമൂഹസൃഷ്ടിയെന്ന കാഴ്ചപ്പാടിലുണ്ട്. ഇതിലൂടെയുണ്ടാകുന്ന ഉത്പാദന വർധനവ് നീതിയുക്തമായി വിതരണംചെയ്ത് ജനജീവിതം മുന്നോട്ടുകൊണ്ടുപോവുകയെന്നതും ഇതിന്റെ സുപ്രധാന ലക്ഷ്യമാണ്. ഐടി, സ്റ്റാർട്ടപ്പ് മേഖലയിൽ നാം പുരോഗതിയുടെ പാതയിലാണ്. ഈ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. പശ്ചാത്തല സൗകര്യമാണ് എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണു കിഫ്ബി മുഖാന്തിരമുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നത്.

ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സിവിൽ സർവീസിനു ലഭ്യമാക്കി ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു വാതിൽപ്പടി സേവനമടക്കമുള്ളവ വിഭാവനം ചെയ്യുന്നത്. എല്ലാ വിഭാഗങ്ങൾക്കും ഇതിന്റെ നേട്ടം എത്തണമെങ്കിൽ ഡിജിറ്റൽ അറിവ് എല്ലാവർക്കും ഉണ്ടാകണം. ഡിജിറ്റൽ വേർതിരിവ് ഇല്ലാതാകുകയെന്നതും പ്രധാനമാണ്. ഇതു പരിഹരിക്കുന്നതിനായാണു കെ-ഫോൺ പോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ നമുക്കുണ്ട്. നമുക്കു വേണ്ടതെല്ലാം ഭൂമിയിലുണ്ടെങ്കിലും അത്യാഗ്രഹത്തിനു വേണ്ടത് ഇല്ല എന്ന കാഴ്ചപ്പാടോടെയാണു സർക്കാർ മുന്നോട്ടുപോകുന്നത്. നാടിനുചേർന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണം. ഇ-വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. പ്രളയത്തിൽ തകർന്നുപോയ കേരളത്തെ പ്രകൃതിസൗഹാർദമാക്കാനുള്ള ഇടപെടലാണു റീബിൽഡ് കേരള പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

രാജ്യത്തിന്റെ സമ്പത്ത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി മുന്നോട്ടുവച്ചാണ് ഇന്ത്യൻ സ്വാതന്ത്യ പ്രസ്ഥാനം ഉയർന്നുവന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിരവധി ഗവേഷണ, സാംസ്‌കാരിക സ്ഥാപനങ്ങൾ ഉയർന്നുവന്നു. ഭരണഘടനാ സ്ഥാപനങ്ങളും ഇതിന്റെ തുടർച്ചയിൽ രൂപപ്പെട്ടുവന്നു. ഇവ ഓരോന്നും രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിൽത്തന്നെ നിലനിർത്തുമ്പോൾ മാത്രമേ ഭരണഘടന മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ പ്രാവർത്തികമാകൂ. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നങ്ങൾകൂടിയാണ്. വർഗീയ സംഘർഷങ്ങളുടേയും ധ്രുവീകരണങ്ങളുടേയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്കു കഴിയുന്നതു നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നൽകിയ ഈ കാഴ്ചപ്പാടിന്റെകൂടി അനന്തരഫലമാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനും അവ പ്രാവർത്തികമാക്കാനുമുള്ള ശ്രമങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നത്. മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം നിലനിർത്തുന്നതരത്തിൽ വർഗീയ സംഘർഷങ്ങളിൽനിന്നു വിമുക്തമായ നാടാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങൾ ഒരുക്കിയ പ്രൗഢമായ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, തിരുവനന്തപുരം ജില്ലയിൽനിന്നുള്ള എംപിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here