പാലക്കാട്: കുന്നങ്കാട്‌ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എസ്. ഷാജഹാന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിലെന്ന് സൂചന. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നേരത്തേ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ നവീന്‍(28), സിദ്ധാര്‍ത്ഥ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
മലമ്പുഴയിലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്. ഇവരുടെ അറസ്റ്റ് ബുധനാഴ്‌ചയുണ്ടാകും.

ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ കുന്നങ്കാട് ജങ്ഷനില്‍ വച്ചാണ് ഷാജഹാന് വെട്ടേറ്റത്. സുഹൃത്തുമൊത്ത് കടയില്‍ നിന്ന് സാധനം വാങ്ങി വരുമ്പോള്‍ വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചാണ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടത്. ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ സംഘംചേര്‍ന്ന് രാഷ്ട്രീയവിരോധത്താല്‍ വടിവാളുകൊണ്ട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട്. കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), ശിവരാജന്‍ (25), സുജീഷ് (27), സജീഷ്(35), വിഷ്ണു(25) എന്നിവരെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. മൂന്നും അഞ്ചും പ്രതികളായാണ് നവീന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നവീനും ഷാജഹാനും തമ്മില്‍ ദീര്‍ഘനാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സമീപ ദിവസങ്ങളില്‍ പ്രതി ഷാജഹാന് നേരെ വധഭീഷണിയുയര്‍ത്തിയതായും പറയുന്നു. ഷാജഹാന്‍ വധത്തിന് പിന്നിലെ പ്രതികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. എന്നാല്‍ പ്രതികള്‍ക്ക് ബി.ജെ.പി.-ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത് സി.പി.എമ്മിന്റെ കള്ളക്കഥയാണെന്നും സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും ബി.ജെ.പി. നേതൃത്വവും വ്യക്തമാക്കി.

പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരും ഇരുപതോളം പോലീസുകാരും അടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here