പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലി പറഞ്ഞു. അന്നും ഇന്നും ദൈവത്തെ വിശ്വസിക്കുന്നുവെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു. സാക്ഷികൾ തുടർച്ചയായി കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നുവെന്നും മല്ലി പറഞ്ഞു. ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസുവും പ്രതികരിച്ചു.അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോദ്ധ്യപ്പെടുത്താനായി. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ ബോദ്ധ്യപ്പെടുത്താനായെന്നും രാജേഷ് എം മേനോൻ പ്രതികരിച്ചു.രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here