രാജേഷ് തില്ലങ്കേരി

കേരളത്തിലെ അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നാണ് സി പി ഐയുടെ കണ്ടെത്തൽ. കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണ്, ഇടതു സ്വഭാവവും, വലതു സ്വഭാവവും, പിന്തിരിപ്പൻ സ്വഭാവവും ഒക്കെയുള്ള രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിൽ നിലവിലുള്ള ഇടതുമുന്നണിയെന്ന പേരിൽ അറിയപ്പെടുന്ന ഭരണ മുന്നണി. അവരെ നമുക്ക് എളുപ്പത്തിനായി ഇടത് മുന്നണിയെന്നു വിശേഷിപ്പിക്കാം എന്നുമാത്രം. ഈ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടക കക്ഷിയാവട്ടെ സി പി ഐയാണ്. വലതു കമ്യൂണിസ്റ്റ് പാർട്ടിയെന്നാണ് സി പി ഐയെ സി പി എമ്മുകാർ കാലങ്ങളായി വിശേഷിപ്പിച്ചിരുന്നത്. അതിന് കാരണവുമുണ്ടായിരുന്നു. ദീർഘകാലം കോൺഗ്രസുമായി ചേർന്ന് കേരളം ഭരിച്ചതോടെയാണ് സി പി ഐയെ വലതു കമ്യുണിസ്റ്റു പാർട്ടിയെന്ന് വിശേഷിപ്പിക്കാൻ കാരണം. അടിയന്തിരാവസ്ഥക്കാലത്ത് സി പി ഐക്കാർ ഭരണ കിയായിരുന്നതിനാൽ അവരാരും ജയിൽശിക്ഷയോ, പൊലീസ് മർദ്ദനമോ ഏൽക്കേണ്ടി വന്നവരുമല്ല. പിന്നീട് സി പി ഐ രാഷ്ട്രീയതീരുമാനം മാറ്റി  സി പി എമ്മുമായി ചേരുകയും ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായി മാറുകയും ചെയ്തു.
 
 ഇടതുമുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ സി പി ഐക്ക് സർക്കാർ കൈക്കൊള്ളുന്ന പലതീരുമാനങ്ങളിലും വിയോജിപ്പാണ്. പൊലീസ് നയം, സഹകരണ നയം, വിദ്യാഭ്യാസ നയം തുടങ്ങിയ നിർണ്ണാകമായ എല്ലാ വകുപ്പുകളിലും സർ്ക്കാർ കൈക്കൊള്ളുന്ന നിലപാടിനോട്  സി പി ഐക്ക് തീരെ യോജിപ്പില്ലെന്നതാണ് സത്യം.

ഇത് ഇപ്പോഴുണ്ടായതൊന്നുമല്ല, നിലമ്പൂർ കരുളായി വനത്തിൽ  ഉണ്ടായ മാവോയിസ്റ്റ് വേട്ടയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ ഏറ്റവും ശക്തമായ നിലപാടുമായി എത്തിയത് സി പി ഐ ആയിരുന്നു.  വയനാട്ടിലെ മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടപ്പോഴും സി പി ഐ സർക്കാരിനെതിരെയും പൊലീസിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു.  കോഴിക്കോട്ടെ അലൻ, താഹ എന്നീ യുവാക്കളെ  മാവോയിസ്‌റ്റെന്ന പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചകേസിൽ അടക്കമുള്ള സംഭവങ്ങളിലും  സി പി ഐ അതി ശക്തമായ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ലോകായുക്തയുടെ ചിറകരിയാനുള്ള തീരുമാനത്തിൽ ആദ്യം എതിർപ്പുമായി എത്തിയതും സി പി ഐക്കാരായിരുന്നു. കാനം രാജേന്ദ്രൻ സെക്രട്ടറിയായ ആദ്യകാലത്തുണ്ടായിരുന്ന അത്രയൊന്നും ശൗര്യം സി പി ഐക്ക് ഇല്ലെങ്കിലും പാർട്ടി കേഡർമാർ ഇതേ നിലപാടിലാണ്. സി പി ഐയുടെ സ്‌മ്മേളനങ്ങളിൽ എല്ലായിടങ്ങളിലും സർക്കാർ വിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ സി പി ഐ നേതാക്കൾ മറന്നില്ല. ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെയനും ശക്തമായ ഭാഷയിലാണ് പ്രതിനിധികൾ വിമർശിച്ചത്. പൊലീസ് നയം തെറ്റാണെന്നും, മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യം ഉയർന്നു. സി പി എമ്മിന്റെ മാത്രം പ്രവർത്തനം കൊണ്ടല്ല എൽ ഡി എഫിന് തുടർഭരണം കിട്ടിയതെന്ന് അറിയണമെന്നും, സി പി ഐ ചില്ലപാർട്ടിയല്ലെന്നും പാർട്ടി സമ്മേളനങ്ങളിലെല്ലാം ഉയർന്നു കേൾക്കുന്നുണ്ട്.

ഇടതുപാർട്ടികളേക്കാൾ വലതു പാർട്ടികളെകൊണ്ട് നിറഞ്ഞിരിക്കുന്ന പേരിനുമാത്രം ഇടത് മാത്രമായ എൽ ഡി എഫ് മന്ത്രി സഭയെ പിണറായി മന്ത്രി സഭയെന്ന് വിളിക്കുന്നതിലും സി പി ഐക്ക് താല്പര്യമില്ല. കെ എം മാണിയുടെ കേരളാ കോൺ എമ്മിനെയും , ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോൺഗ്രസ് ബിയെയുമൊക്കെ മുന്നണിയിൽ എടുക്കുന്നതിന് സി പി ഐ എതിരായിരുന്നു. ഈ രണ്ടാം സ്ഥാനം നഷ്ടമാവുന്നതൊന്നുമല്ല കാരണം, വലതു വ്യതിയാനമെന്ന ഭയമായിരുന്നു അവരുടേത്.

 ആദർശവും, രാഷ്ട്രീയ വ്യക്തതയുമുള്ള പാർട്ടിയാണ് തങ്ങളുടേത് എന്ന് വ്യക്തമാക്കാനുള്ള ശ്രമമാണ് സി പി ഐ ഇപ്പോൾ സമ്മേളനങ്ങളിലൂടെ നടത്തുന്നത്. കാനം രാജേന്ദ്രനെന്ന അതിവിപ്ലവകാരി മുഖ്യമന്ത്രിക്കു മുന്നിലെത്തുമ്പോൾ മുട്ടിടിക്കുന്നതിനെകുറിച്ചും പാർട്ടി സമ്മേളനങ്ങളിൽ ചർച്ച നടന്നു വത്രേ. അഭ്യന്തര വകുപ്പ് മാത്രമല്ല, എല്ലാ വകുപ്പുകളും പരാജയമാണ്. അത് സി പി ഐ ഭരിക്കുന്ന വകുപ്പുകളും വൻ പരാജയമാണ് എന്ന് സി പി ഐ ഏറ്റുപറയുമെന്ന് കരുതുന്നു.

വാൽകഷണം : അഭ്യന്തരവകുപ്പ് പരാജയമാണോ, അതോവിജയമാണോ  എന്ന് വ്യക്തമായി മനസിലാവണമെങ്കിൽ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ അന്വേഷിച്ചാലും മതിയാവും.


 

LEAVE A REPLY

Please enter your comment!
Please enter your name here