രാജേഷ് തില്ലങ്കേരി

ആരോഗ്യമന്ത്രി വീണാ ജോർജിന് അത്ര നല്ല കാലമല്ലെന്നാണ് സൂചനകൾ. മന്ത്രി അത്യപോര എന്ന അഭിപ്രായം സി പി എമ്മിന്റെ സമ്മേളനകാലത്ത് തന്നെ ആരോപണം ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ മിക്ക മന്ത്രിമാരും അത്ര പോരെന്ന അഭിപ്രായം രണ്ടാഴ്ച മുൻപാണ് പുറത്തുവന്നത്. സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്. മന്ത്രി സഭയിൽ അംഗങ്ങളായവർക്ക് പരിചയക്കുറവുണ്ടെന്ന വിലയിരുത്തലും ഉണ്ടായി.  ആരോഗ്യവകുപ്പ് ഏറ്റവും നിർണായകമായ സമയത്താണ് മന്ത്രിസഭ മാറുന്നതും വീണാ ജോർജ് ആരോഗ്യമന്ത്രിയായി ചുമതല ഏൽക്കുന്നതും.

കൊവിഡ് വ്യാപനത്തിന്റെ കാലത്ത് ഏറ്റവും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചാണ് കേരളത്തിലെ ആരോഗ്യമന്ത്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്, അന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയായിരുന്നു. കോഴിക്കോട് നിപ പടർന്നുപിടിച്ചപ്പോൾ കെ കെ ശൈലജ മാതൃകാപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതെല്ലാം കെ കെ ശൈലജ കേരളത്തിന്റെ ഹൃദയം കീഴടക്കി. ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മന്ത്രിയായിരുന്നു അവർ. രണ്ടാം പിണറായി സർക്കാരിലേക്കുള്ള വഴിയും അവരായിരുന്നു എന്നുപോലും വിശേഷിപ്പിക്കാം.

എന്നാൽ രണ്ടാം തവണ അധികാരത്തിൽ വന്നപ്പോൾ കെ കെ ശൈലജ മന്ത്രിസഭയിൽ അംഗമാവുമെന്ന് എല്ലാവരും വിശ്വസിച്ചു, രാഷ്ട്രീയ എതിരാളികൾപോലും അങ്ങിനെ ആഗ്രഹിച്ചു. എന്നാൽ കെ കെ ശൈലജ എന്നല്ല കഴിഞ്ഞ മന്ത്രിസഭയിലെ ആരും രണ്ടാം മന്ത്രിസഭയിൽ വേണ്ടെന്ന നിലപാടിൽ സി പി എം ഉറച്ചുനിന്നു. അങ്ങിനെ മട്ടന്നൂരിൽ നിന്നും മിന്നുന്ന വിജയം നേടിയ കെ കെ ശൈലജ കേവലം ഒരു എം എൽ എ മാത്രമായി ഒതുങ്ങി. അച്ചടത്തമുള്ള ഒരു കമ്യുണിസ്റ്റ് നേതാവായി അവർ മാറി നിന്നു.

പകരം വന്നത് വീണാ ജോർജായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം എൽ എയായിരുന്നുവല്ലോ വീണാ ജോർജ്. മാധ്യമ പ്രവർത്തകയായിരുന്ന വീണയെ ആറന്മുളയിൽ രംഗത്തിറക്കിയത് ആ സീറ്റു പിടിക്കാനായാണ്. സി പി എമ്മിന്റെ ആ അടവ് വിജയിച്ചു. അതുവരെ പൊതു പ്രവർത്തന രംഗത്തൊന്ും ഇല്ലാതിരുന്ന വീണ ജോർജ് മാധ്യമ പ്രവർത്തകയെന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. ആറന്മുളയിൽ നിന്നും രണ്ടാമതും വിജയിച്ചപ്പോൾ തന്നെ മന്ത്രി സ്ഥാനം വീണയ്ക്ക് ഉറച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ ചുമതലകൂടി ആയതോടെ പലരും നെറ്റി ചുളിച്ചു.

കെ കെ ശൈലജ വളരെ ഭംഗിയായി കൈകാര്യം ചെയ്ത വകുപ്പിൽ വീണയ്ക്ക് ശോഭിക്കാൻ കഴിയുമോ എന്ന ചോദ്യം അന്നുണ്ടായി. ഒരു വർഷവും മൂന്നുമാസവും മാത്രമേ ഈ മന്ത്രിസഭയ്ക്ക് പ്രായമുള്ളൂ. എന്നാൽ മന്ത്രിസഭയിൽ ഏറ്റവും പഴി കേട്ടതും ഇതേ മന്ത്രിയാണ്. പേ വിഷബാധയുമായി ബന്ധപ്പെട്ടുള്ള ചോദ്യോത്തര വേളയിൽ വീണാ ജോർജ് പറഞ്ഞ കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിൽ വച്ച് നിർദ്ദേശിച്ചു. എം എൽ എമാരുടെ ചോദ്യങ്ങൾക്ക് അവ്യക്തമായും ഒരേ ഉത്തരം പല ചോദ്യങ്ങൾക്ക് നൽകുന്നതായുമുള്ള പരാതിയിൽ സ്പീക്കറുടെ താക്കീത് പുറത്തുവന്നതും ഇന്നലെയാണ്. ഇരട്ടപ്രഹരമാണ് മന്ത്രിക്ക് ലഭിച്ചത്.

കൊവിഡ് കാലത്തെ  പി പി ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടായതായുള്ള ചോദ്യത്തിനാണ് മന്ത്രി അവ്യക്തമായ ഉത്തരം നൽകിയത്. ഇത് പരാതിയായി സ്പീക്കറുടെ മുന്നിൽ എത്തിയതിൽ മുഖ്യമന്ത്രിക്കും അപ്രീതിയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. കൊവിഡ് മരണത്തിൽ കൃത്രിമം കാട്ടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ ആരോഗ്യ മന്ത്രി നല്കിയ മറുപടി ഏറെ വിവാദമായിരുന്നു. പിന്നീട് മന്ത്രിതന്നെ ആരോപണം തിരുത്തേണ്ടിയും വന്നു.
വ്യക്തിപരമായും വീണാ ജോർജ്ജിനെതിരെ നിരവധി പരാതികൾ പാർട്ടികേന്ദ്രങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എം എൽ എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും ഫോൺ അറ്റന്റ് ചെയ്യാനുള്ള താല്പര്യമില്ലായ്മയാണ് ഏറ്റവും കൂടുതലായി ലഭിച്ച പരാതി. അടൂർ എം എൽ എയും ഡപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ഉന്നയിച്ച പരാതിയും സി പി എം കേന്ദ്രങ്ങൾ അത്ര സുഖത്തോടെയല്ല കേട്ടിരുന്നത്.

മന്ത്രിയെന്ന നിലയിലുള്ള പരിചയക്കുറവാണോ, പൊതുപ്രവർത്തകയെന്ന നിലയിലുള്ള പരിചയക്കുറവാണോ എന്താണ് വീണയുടെ മാർക്കുകുറയാൻ കാരണമെന്ന് നിശ്ചയമില്ല. എന്തായാലും പ്രോഗ്രസ് കാർഡിൽ മാർക്ക് വളരെ കുറവാണ്. അത് വട്ടപൂജ്യമാണോ എന്നുപോലും സംശയമുണ്ട്. ഡോക്ടർമാരുടെ സംഘടനയായ ഐ എം എ ഒരു മാസം മുൻപ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വീണാ ജോർജ് ആരോഗ്യ വകുപ്പിനെ തകർക്കുമെന്ന്. ഐ എം എ യുടെ നിരീക്ഷണം സത്യമാവുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

എന്തായാലും എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ മന്ത്രിസഭയിൽ പുന:സംഘടന നടക്കും. നേരത്തെ  സജി ചെറിയാൻ രാജിവതിനെ തുടർന്നുള്ള ഒഴിവും നികത്താനുണ്ട്. മാധ്യമങ്ങൾ പറയും പോലെ വീണ സ്പീക്കറാവുമോ, കെ കെ ശൈലജ മന്ത്രിസഭയിൽ എത്തുമോ, എം ബി രാജേഷ് മന്ത്രിസഭയിലേക്ക് വരുമോ എന്നൊക്കെ കാണാനിരിക്കുന്നതേയുള്ളൂ.

എന്തായാലും കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് മാത്രം ഇപ്പോൾ കരുതണം. 

LEAVE A REPLY

Please enter your comment!
Please enter your name here