തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍നിന്ന് 31.22 കോടി രൂപ തട്ടിയെടുത്ത ഇടനിലക്കാരന്‍ കിരണും 30 കോടി അസാധുനോട്ടുകള്‍ മാറ്റിയെടുത്തെന്ന് സംശയിക്കുന്ന വെളപ്പായ സ്വദേശിയും തമ്മിലുള്ള ബന്ധം ഇ.ഡി.യും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നു. കൊള്ളപ്പലിശക്കാരന്‍ വെളപ്പായ സ്വദേശി ഈടായി വാങ്ങുന്ന സ്ഥലരേഖകള്‍ കിരണ്‍വഴി ബാങ്കില്‍ ഈടുവെച്ച് കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. വടക്കന്‍ജില്ലയില്‍നിന്ന് തൃശ്ശൂരിലെത്തിയ ഇയാള്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു ചെരിപ്പ്-ബാഗ് നിര്‍മാണക്കമ്പനിയില്‍ ജോലിക്ക് ചേരുകയായിരുന്നു.

ചെറിയ തുക പലിശയ്ക്കു നല്‍കി ഈടായിക്കിട്ടിയ വീടുകളും മറ്റും സ്വന്തമാക്കി. ഇയാള്‍ക്ക് ഇപ്പോള്‍ ഇരിങ്ങാലക്കുട, വെളപ്പായ, കോലഴി എന്നിവിടങ്ങളില്‍ വീടുകളുണ്ട്. കരുവന്നൂരില്‍ അന്വേഷണം തുടങ്ങിയതുമുതല്‍ കോലഴിയിലെ ബംഗ്ലാവ് ഷീറ്റുകൊണ്ട് മറച്ചുവെച്ചിരിക്കുകയാണ്.

പലിശയിനത്തില്‍ കൊടുക്കല്‍വാങ്ങലുകളിലൂടെ ശേഖരിച്ച 30 കോടി കൈവശമുള്ള സമയത്താണ് നോട്ട് അസാധുവാക്കല്‍ വന്നത്. അതോടെ കിരണിനെ ഉപയോഗിച്ച് കരുവന്നൂര്‍ ബാങ്ക് വഴി മാറ്റിയെടുക്കുകയായിരുന്നു. വട്ടിപ്പലിശയ്ക്ക് നല്‍കുമ്പോള്‍ പത്തും ഇരുപതും ഇരട്ടിവിലയുള്ള വസ്തുക്കളുടെ ആധാരങ്ങളും ഭീഷണിപ്പെടുത്തി വാങ്ങും. ഇത്തരം സാധനങ്ങളും കിരണിനെ ഉപയോഗിച്ച് പലമടങ്ങ് അധികം മൂല്യമുള്ള വസ്തുക്കളാണെന്ന് കാണിച്ചാണ് കരുവന്നൂര്‍ ബാങ്കില്‍നിന്ന് പണം തട്ടിയത്.

കിരണ്‍ 31.22 കോടി തട്ടിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പിന്നീട് ഇയാളും കിരണും ചേര്‍ന്ന് വിദേശത്ത് ഒരു മിനറല്‍ വാട്ടര്‍ കമ്പനി ആരംഭിച്ചു. ജാമ്യത്തിലിറങ്ങിയ കിരണ്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇതുമൂലം രണ്ടുതവണ പരിശോധനയ്‌ക്കെത്തിയ ഇ.ഡി. സംഘത്തിന് കിരണിന്റെ വീട്ടില്‍ പരിശോധന നടത്താനും മൊഴിയെടുക്കാനും സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here