കൊച്ചി: സംസ്ഥാനത്തെ വിവാഹമോചനങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് യുവാവിന്റെ ഹര്‍ജി തളളിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിവാദ പരാമര്‍ശങ്ങള്‍.

വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തളളിക്കൊണ്ടുളള ഉത്തരവിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിവാദ പരാമര്‍ശങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ ദുര്‍ബലവും സ്വാര്‍ഥവുമായ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്ങിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്നു എന്നിങ്ങനെ പോകുന്നു ഉത്തരവിലെ പരാമര്‍ശങ്ങള്‍.

ഭാര്യയില്‍ നിന്നുളള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്. ആലപ്പുഴ കുടുംബകോടതി ആവശ്യം തളളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here