കോട്ടയം: വിദ്യാഭ്യാസ-സാമുഹിക പ്രവര്‍ത്തകയും വനിതകളുടെ അവകാശ പേരാളിയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. എഴുത്തുകാരി അരുദ്ധതി റോയുടെ അമ്മയാണ്. സുറിയാനി ​‍ ക്രിസ്ത്യാനി കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കിയത് മേരി റോയ് നടത്തിയ ചരിത്രപരമായ നിയമ പോരാട്ടമായിരുന്നു. കോട്ടയം കളത്തിപ്പടിയില്‍ ‘പള്ളിക്കൂടം’ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ് മേരി റോയ്.

കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെയും മകളായി 1933-ല്‍ ജനിച്ച മേരി ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലും ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. ലളിത് റോയ് അരുന്ധതി റോയുമാണ് മക്കള്‍. അഭിനേത്രിയായ മറിയാ റോയ് കൊച്ചു മകളാണ്

തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയില്‍ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മേരിക്ക് 1966-ല്‍ ഇഷ്ടദാനമായി നല്‍കിയിരുന്നു. ആ വീട് വിറ്റ് 1967-ല്‍ കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി ഹൈ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്‌കൂളിന്റെ നിര്‍മ്മാണ ചുമതല. തുടക്കത്തില്‍, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ ഏഴുപേ രാണ് സ്‌കൂള്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിലെ കോട്ടേജില്‍ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവര്‍ സ്‌കൂള്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപികയും മേരിതന്നെയായിരുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ്, രണ്ട് മക്കളുമായി പിതാവിന്റെ ഊട്ടിയിലെ പൂട്ടിക്കിടന്ന വീട്ടില്‍ താമസമാക്കിയ മേരി റോയിയെ ഇറക്കിവിടാന്‍ സഹോദരന്മാര്‍ നടത്തിയ ഇടപെടലാണ് ചരിത്രപരമായ നിയമപേരാട്ടത്തിലേക്ക് വഴിവച്ചത്. വീടൊഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സഹോദരന്‍ മേരി റോയിയേയും മക്കളേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ്, 1916-ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമവും 1921ലെ കൊച്ചിന്‍ പിന്തുണര്‍ച്ചാവശാ നിയമത്തെയും ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. 1960കളുടെ പാതിയോടെ കീഴ്‌കോടതികളില്‍ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ല്‍ സുപ്രീംകോടതിയുടെ മുന്‍പിലെത്തി. 1986-ല്‍, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് സുപ്രീം കോടതി വിധിച്ചു.

കേസ് പറഞ്ഞു കിട്ടിയ ഭൂമി തങ്ങള്‍ക്കു വേണ്ടെന്ന മകന്‍ ലളിത് റോയിയുടെയും മകള്‍ അരുന്ധതി റോയിയുടെയും അഭിപ്രായത്തെത്തുടര്‍ന്ന് അത് സഹോദരന് തന്നെ തിരിച്ച് നല്‍കാന്‍ മേരി തയ്യാറായി.അങ്ങനെ, പതിറ്റാണ്ടുകള്‍ നീണ്ട് നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി വിധിപ്രകാരം പിതൃസ്വത്തായി തനിക്ക് കോട്ടയത്തെ നാട്ടകത്ത് കിട്ടിയ ഷെയര്‍ സഹോദരന് തന്നെ പതിറ്റാണ്ടുകള്‍ക്ക് ശേഷം മേരി തിരിച്ച് നല്‍കി

‘സ്വന്തം കൂടപ്പിറപ്പിനെതിരേ സുപ്രീംകോടതിവരെ പോയവള്‍ എന്നൊരു പേരുദോഷം ഉണ്ടായോ’ എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ”ഞാന്‍ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയില്‍ പോയത്. അന്നത്തെ നിയമവാഴ്ചയ്‌ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കള്‍ തുല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.” എന്ന ഉത്തരമാണ് മേരി റോയ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here