തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റേത് അനധികൃത നിയമനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലായിരുന്നു കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്. ബിടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനമെന്നാണ് ആരോപണം. നിയമനം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ മകന് വേണ്ടി യോഗ്യത മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങളില്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം വസ്തുതാ വിരുദ്ധമാണ്. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ഒന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ഒരു വര്‍ഷം മുമ്പ് തന്റെ മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത കൊടുത്തതാണ് മാധ്യമങ്ങള്‍. മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെ കുറിച്ച് ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. എന്റെ മകനായത് കൊണ്ട് എവിടെയും ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേ? പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here