ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി കല്യാണ്‍ ചൗബെയെ തെരഞ്ഞെടുത്തു. ഫെഡറേഷന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിക്കാരന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
ഗോള്‍ കീപ്പറായിരുന്ന ചൗബെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയെയാണു തോല്‍പ്പിച്ചത്. 33-1 എന്ന വമ്പന്‍ മാര്‍ജിനിലാണു 45 വയസുകാരനായ ചൗബെ ജയിച്ചത്. 34 അംഗ വോട്ടര്‍ പട്ടികയില്‍ ബൂട്ടിയയെ അനുകൂലിക്കുന്നവര്‍ കുറവായിരുന്നതിനാല്‍ ചൗബെ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ചൗബെയുടെ രണ്ട് മുന്‍ഗാമികളായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിക്കും പ്രഫുല്‍ പട്ടേലിനും കളിക്കളവുമായി ബന്ധമില്ലായിരുന്നു. ചൗബെ പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി. നേതാവ് കൂടിയാണ്. ഗുജറാത്ത്, അരുണാചല്‍ പ്രദേശട് തുടങ്ങിയ പല സംസ്ഥാന അസോസിയേഷനുകളുടെയും പിന്തുണ ചൗബെയ്ക്കുണ്ടായിരുന്നു. ബൂട്ടിയ രാജ്യം കണ്ട മികച്ച താരമാണെങ്കിലും ചൗബെയോളം ജനസമ്മതനായിരുന്നില്ല. ചൗബെയും ബൂട്ടിയയും ഈസ്റ്റ് ബംഗാളില്‍ സഹതാരങ്ങളുമായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ. ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. അരുണചലിന്റെ കിപാ അജയാണു ട്രഷറര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്ന 14 പേരെയും ഏകപക്ഷീയമായി തെരഞ്ഞെടുത്തു.
ജി.പി. പാല്‍ഗുണ, അവിജിത് പോള്‍, പി. അനില്‍കുമാര്‍, വലങ്ക നതാഷ അലിമാവോ, മാലോജി രാജെ ഛത്രപതി, മെന്‍ലാ എസ്‌തെപാന, മോഹന്‍ ലാല്‍, ആരിഫ് അലി, കെ. നെയ്ബു സെഖോസ്, ലാല്‍ങിസ്‌ോവ ഹമാര്‍, ദീപക് ശര്‍മ, വിജയ് ബാലി, സയദ് ഇംതിയാസ് ഹുസൈന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ബൂട്ടിയ, ഐ.എം. വിജയന്‍, ഷബീര്‍ അലി, ക്ളൈമാക്‌സ് ലോറന്‍സ് എന്നിവരുടെ താരങ്ങളുടെ പ്രതിനിധികളായി കമ്മിറ്റിയിലുണ്ടാകും. ഇന്ത്യയുടെ മികച്ച ഗോള്‍കീപ്പര്‍മാരുടെ നിരയിലാണ് കല്ല്യാണ്‍ ചൗബെയുടെ സ്ഥാനം. 1999, 2005 വര്‍ഷങ്ങളില്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഗോള്‍വല കാത്തത് അദ്ദേഹമാണ്. 1999 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും ചൗബെയുണ്ടായിരുന്നു. ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലൂടെ കളിച്ചു തുടങ്ങിയ അദ്ദേഹം ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും വേണ്ടി കളിച്ചു. ഫുട്‌ബോളില്‍നിന്നു വിരമിച്ച ശേഷം 2011 മുതല്‍ 13 വരെ ചൗബെ മോഹന്‍ ബഗാന്‍ അക്കാദമിയിലും യൂത്ത് ഡെവലെപ്‌മെന്റ് പ്രോഗോമുകളിലും പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here