ബാർ കോഴക്കേസിൽ വിജിലൻസ് കോടതി നടപടികൾ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി . സ്റ്റേ അനുവദിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇൗ മാസം 16 നു വിജിലൻസ് കോടതി കേസ് സംബന്ധിച്ചു എന്തെങ്കിലും ഉത്തരവു പുറപ്പെടുവിച്ചാൽ അതു ചോദ്യം ചെയ്യാൻ കെ. എം. മാണിക്ക് അവസരമുണ്ടെന്നു ജസ്റ്റിസ് പി. ഡി. രാജൻ പറഞ്ഞു. വിജിലൻസ് കോടതിയിൽ ഇൗ കേസിലുള്ള മറ്റു കക്ഷികളെക്കൂടി ഹൈക്കോടതിയിലെ കേസിൽ കക്ഷിചേർത്തു.

വിജിലൻസ് എസ്്. പി. ആർ. സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഹൈക്കോടതി അതൃപ്തിയും രേഖപ്പെടുത്തി . ഉദ്യോഗസ്ഥർ ഹാജരാക്കിയ സിഡിയുടെ ആധികാരികത എന്തെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണഘട്ടത്തിൽ ശേഖരിച്ച തെളിവെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. ബാർകോഴക്കേസിൽ വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കണമെന്ന കെ എം മാണിയുടെഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

ബാർകോഴക്കേസിൽ വിജിലൻസ എസ്പി ആർ സുകേശൻ ഗൂഢാലോചന നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി നിയമപരമല്ലെന്നായിരുന്നു കെ എം മാണിയുടെ വാദം.

എന്തുകുറ്റമാണ് സുകേശന്റെ പേരിലുള്ളതെന്ന് കോടതി ആരാഞ്ഞു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. കുറ്റക്കാരനെങ്കിൽ സുകേശനെ സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്തിനെന്നായി കോടതി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി നാളെതന്നെ അറിയിക്കാനും ജസ്റ്റീസ് പി ഡി രാജൻ നിർദേശിച്ചു. ബാർ കോഴക്കേസിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എസ് പി സുകേശൻ ബാർ ഉടമ ബിജുരമേശുമായി ഗൂഢാലോചന നടത്തിയെന്നാണ് ഉയർന്ന ആരോപണം. എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണ ചുമതല ആഭ്യന്തരവകുപ്പ് കൈമാറുകയും ചെയ്തു.

ഈ അന്വേഷണം പൂർത്തിയാകും മുമ്പ് അതേ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. നാലു മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് വിളിച്ചുപറയാൻ സുകേശൻ പ്രേരിപ്പിച്ചുവെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കിയ ശബ്ദരേഖ പരിശോധിച്ചശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here