മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് കടത്തിയ അഞ്ച് കിലോ സ്വർണമിശ്രതമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം കടത്താൻ സഹായിച്ചതിന് ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇൻ‌ഡിഗോയുടെ റാംപ് സൂപ്പർവൈസർ സാജിദ് റഹ്‌മാൻ, കസ്റ്റമർ സർവീസ് ഏജന്റ് മുഹമ്മദ് സാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുമ്പ് പല തവണ സ്വർണം കടത്താൻ സഹായിച്ചവരാണെന്നും കസ്റ്റംസ് പറഞ്ഞു.

 

വയനാട് സ്വദേശിയായ അഷ്കർ അലിയാണ് ലഗേജിലൂടെ അഞ്ച് കിലോ സ്വർണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വർണം ഒളിപ്പിച്ചിരുന്നത്. ഈ ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഇവർ പിടിയിലായതോടെ ലഗേജ് വാങ്ങാൻ കാത്തുനിൽക്കാതെ അഷ്കർ അലി വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടു.

 

ദുബായിൽ നിന്നെത്തിയ അഷ്കർ അലിയുടെ ലഗേജിൽ ഇന്റർനാഷണൽ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാർ സ്വർണക്കടത്തിന് സഹായിച്ചത്. ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയിൽ നിന്ന് ഒഴിവാകും തുടർന്ന് ലഗേജ് പുറത്തെത്തിച്ച് നൽകുകയായിരുന്നു ജീവനക്കാരുടെ ചുമതല. മുമ്പും പലതവണ ഇരുവരും സ്വർണക്കടത്തിന് സഹായിച്ചതായാണ് കസ്റ്റംസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here